കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഇപ്പോള്‍ നടത്തുന്നത് അവസാന ശ്രമമെന്ന് തച്ചങ്കരി

തിരുവനന്തപുരം: കടക്കെണിയിലായ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഇപ്പോള്‍ നടത്തുന്നത് അവസാന ശ്രമമെന്ന് എംഡിയായി ചുമതലയേറ്റ ടോമിന്‍ തച്ചങ്കരി. ഇനിയും പരാജയപ്പെട്ടാല്‍ കടുത്ത തീരുമാനത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.

കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം ജീവനക്കാരോടു സംസാരിക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയെ കരകയറ്റുകയെന്ന ദൗത്യം പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു. എത്ര മുടങ്ങിയാലും ആനുകൂല്യങ്ങള്‍ കിട്ടുമെന്ന് ജീവനക്കാര്‍ ഇനി കരുതരുതെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.

നഷ്ടത്തിലായിരുന്ന മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ് എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ തച്ചങ്കരി ഇവയെ ലാഭത്തിലാക്കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് എത്തിച്ചതെന്നാണ് സൂചന.