അപ്രഖ്യാപിത ഹര്‍ത്താലില്‍ അത്യന്തം ഹീനമായ ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലില്‍ അത്യന്തം ഹീനമായ ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴി പ്രചരണം നടന്നു. ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. നമ്മുടെ നാട്ടിലെ ചിലരും അതില്‍ കുടുങ്ങി. ഊഹിക്കാന്‍ കഴിയാത്ത അപകടാവസ്ഥയില്‍ നാടിനെ എത്തിക്കാനായിരുന്നു ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിലര്‍ തെറ്റായ കാര്യങ്ങള്‍ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. കത്വ സംഭവത്തിലെ ഹര്‍ത്താല്‍ അത്തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി നേരെത്തെയും വ്യക്തമാക്കിയിരുന്നു. കേരളം ഒറ്റക്കെട്ടായി സംഭവത്തില്‍ പ്രതിഷേധിച്ചതാണ്. എന്നാല്‍ ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് കേരളത്തെ പ്രത്യേക രീതിയിലേക്ക് മാറ്റാനായിരുന്നു ഉദ്ദേശം. ഇതിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് പിന്നീട് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കത്വയില്‍ എട്ടുവയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താല്‍ വലിയ അക്രമസംഭവങ്ങള്‍ക്ക് വഴിവച്ചിരുന്നു. പതിനാറാം തിയതി നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ തെരുവിലിറങ്ങിയ യുവാക്കള്‍ കടകളും വാഹനങ്ങളും ആക്രമിച്ചു.

ഇതോടെ ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികളുമായി പൊലീസ് മുന്നോട്ട് പോവുകയായിരുന്നു. വാട്‌സ്അപ്പ് വഴി ഹര്‍ത്താലിന് പ്രചാരണം നല്‍കിയവരെ നിരീക്ഷിക്കാനും ഫോണ്‍ ഉള്‍പ്പടെ കസ്റ്റഡിയിലെടുക്കാനും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

വാട്‌സ്അപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് ശേഖരിച്ചത്. മൂവായിരത്തിലധികം പേരുടെ ഫോണുകള്‍ നിരീക്ഷണ വിധേയമാക്കുമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരിയിരുന്നത്. ഇവരുടെ വിവരങ്ങളും സൈബര്‍ സെല്‍ ശേഖരിച്ചിരുന്നു.