കെ.പി. യോഹന്നാന്‍ നികത്തിയ നിലം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കളക്ടറുടെ ഉത്തരവ്‌

-പി. സുരേഷ്ബാബു-

തിരുവല്ലയിൽ ബിലീവേഴ്സ് ചര്‍ച്ച് പരമാധ്യക്ഷന്‍ ബിഷപ്പ് കെ .പി യോഹന്നാൻ അനധികൃതമായി നികത്തിയ നിലം പൂർവ സ്ഥിതിയിലാക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ്. ദൈവത്തിന്റെ പേരിൽ ദൈവത്തിനു നിരക്കാത്തത് ചെയ്യുന്നതിനാലാണ് യോഹന്നാനെതിരെ പോരാട്ടം നടത്തുന്നതെന്ന് പരാതിക്കാർ

തിരുവല്ല കൂറ്റപ്പുഴയിലെ ബിഷപ്പ് കെ.പി യോഹന്നാന്‍റെ ബിലീവേഴ്സ് മെഡിക്കല്‍ കോളജിന് വേണ്ടിയാണ് വ്യാപകമായി നിലംനികത്തിയത്. ഇതു കൂടാതെ അനധികൃതമായി നികത്തിയ അഞ്ച് ഏക്കർ നിലത്തിലെ മണ്ണ് നീക്കി പൂർവ സ്ഥിതിയിലാക്കാനാണ് ഇപ്പോൾ പത്തനംതിട്ട ജില്ലാ കളക്ടർ ഗിരിജാകുമാരി യുടെ ഉത്തരവ്. ഇവിടുത്തെ തോടുകൾ പുനഃസ്ഥാപിക്കാനും പൈപ്പുകൾ നീക്കാനും ഉത്തരവിൽ പറയുന്നു.തോട് പുന:സ്ഥാപിച്ച് പത്തനംതിട്ട – കോട്ടയം ജില്ലാ അതിർത്തിയിലെ മുണ്ടുചാൽ തോട്ടിലേക്ക് നീരൊഴുക്ക് എത്തിക്കണമെന്നാണ് ഉത്തരവ്. കളക്ടറുടെ ഉത്തരവിനെതിരെ കെ.പി.യോഹന്നാന്റെ സഭയായ ഗോസ്പൽ ഫോർ ഏഷ്യ റെഹക്കോടതിയെ സമീപിച്ചതനുസരിച്ച് കോടതി കൃഷി ആഫീസറോട് ഡിജിറ്റൽ മാപ്പ് മൂന്നാഴ്ചയ്ക്കകം ഹാജരാക്കാൻ നിർദ്ദേശിച്ചു.

തിരുവല്ല സ്വദേശികളായ കെ.എ. വറുഗീസ്, റോയി ചാക്കോ എന്നിവരാണ് യോഹന്നാന്‍റെ നിലംനികത്തുന്നതിനെതിരെ രംഗത്തുവന്നത്. പത്തു വർഷമായി ഇവർ നടത്തുന്ന നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് പുതിയ ഉത്തരവ് പുറത്തുവന്നത്.ഇതിനിടയിൽ ഒരു പരാതിക്കാരനായ റോയി ചാക്കോ മരിച്ചു. പകരം ഷെറി എന്നയാളാണ് വറുഗീസിനൊപ്പം ചേർന്ന് നിയമയുദ്ധം നടത്തുന്നത്.
ദൈവത്തിന്റെ പേരുപറഞ്ഞ് വിദേശത്തു നിന്നും പണം കൊണ്ടുവരിക, എന്നിട്ട് ദൈവത്തിന് നിരക്കാത്തത് ചെയ്യുക പകൽ മുഴുവൻ പരിസ്ഥിതിയെപ്പറ്റി പ്രസംഗിക്കുക ദൈവം വരദാനമായി നൽകിയ പ്രകൃതിയെ വാഴ്ത്തുക. രാത്രിയുടെ മറവിലും ആരും കാണാതെയും നിലം നികത്തുക.ഈ കാപട്യത്തിനെതിരെയാണ് തങ്ങളുടെ പോർമുഖമെന്ന് വറുഗീസ് വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.
എന്തു വില നൽകlയാലും പോരാട്ടം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. തിരുവല്ലയിലെ എല്ലാ രാഷ്ടീയക്കാർക്കും പണം വാരി നൽകിയതിനാൽ കുറ്റപ്പുഴയിലെ പരിസ്ഥിതി പ്രശ്നം ആർക്കും ഒരു പ്രശ്നമല്ല. ഇനി 60 ഏക്കർ നിലത്തിൽ കൂടി മണ്ണിടാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നത്.
കെ.പി. യോഹന്നാന്‍ ഇത്രയേറെ അനധികൃതമായി നിലംനികത്തിയിട്ടും സര്‍ക്കാര്‍  ഏജന്‍സികള്‍ ഒന്നും തന്നെ ഇതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. പരിസ്ഥിതി പ്രവര്‍ത്തകനായ കെ.എ. വര്‍ഗ്ഗീസിന്‍റെ ശ്രമഫലമായാണ് കുറച്ചെങ്കിലും ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ഉത്തരവ് നേടാന്‍ കഴിഞ്ഞത്. ന്യൂനപക്ഷങ്ങളുടെ സ്വത്ത് സമാഹരണത്തിനെതിരെ വ്യാപകമായി പ്രചരണം നടത്തുന്ന ബി.ജെ.പി, ബിഷപ്പ് കെ.പി. യോഹന്നാന്‍റെ ഭൂമി കൈയേറ്റത്തെക്കുറിച്ച് മിണ്ടാട്ടമില്ല. മിണ്ടുന്നവര്‍ക്കെല്ലാം യോഹന്നാന്‍റെ ശിങ്കിടികള്‍ പണം നല്‍കി വാമൂടിക്കെട്ടുകയാണ് പതിവ്. അതാണ് തിരുവല്ലയിലെ രാഷ്ട്രീയക്കാരുടെ മൗനത്തിന് പിന്നിലെ രഹസ്യം.