യോഗ തേടിയെത്തിയ ലീഗയെ വകവരുത്തിയത് യോഗപരിശീലകന്‍ തന്നെ.

യോഗ തേടിയെത്തിയ ലീഗയെ വകവരുത്തിയത് യോഗപരിശീലകന്‍ തന്നെയെന്നു വ്യക്തമാകുന്നു.ഇന്ത്യന്‍ ആത്മീയതയും യോഗയും തിരഞ്ഞ് യുറോപ്പില്‍ നിന്നും കേരളത്തിലെത്തിയ ലിഗയെന്ന യുവതിയെ ചതിയില്‍ പെടുത്തി കൊന്നുതള്ളിയത് കോവളത്തുള്ള യോഗപരിശീലകന്‍ തന്നെയെന്ന് വ്യക്തമായി. യോഗപരിശീലനവും മയക്ക്മരുന്ന് ് ഇടപാടുകളും ഒരുപോലെ നടത്തുന്ന കോവളം വാഴമുട്ടത്ത് അനില്‍കുമാറാണ് ഈ ഹീനകൃത്യം ചെയ്തത്.
ഇന്ത്യന്‍ മിസ്റ്റിസത്തിന്റെയും കഞ്ചാവിന്റെയും ലഹരി തേടി യൂറോപ്പില്‍ നിന്നും കേരളത്തിലെത്തിയ ലിഗ എന്ന യുവതി, കഴിഞ്ഞ ഫെബ്രൂവരി മൂന്നിനാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്
അമൃതാനന്ദമയിയുടെ കടുത്ത ഭക്തയും അനുയായിയുമായ ലിഗ സ്‌ക്രോമാൻ കുറെ ദിവസം അമൃതാനന്ദമയി മഠത്തില്‍ തങ്ങിയതിന് ശേഷം ശാന്തിഗിരി ആശ്രമത്തിലേക്കും വര്‍ക്കലയിലേക്കും പോയിരുന്നു. ഇന്ത്യന്‍ മിസ്റ്റിസിസവുമായി ബന്ധമുള്ള വെറെ സ്ഥലങ്ങളും സന്ദര്‍ശിച്ചിരിക്കാന്‍ സാദ്ധ്യതയണ്ടെന്ന് കരുതുന്നു. മാർച്ച് 14ന് രാവിലെ 7.30നാണ് ലിഗ ഓട്ടോറിക്ഷയിൽ കോവളം ബീച്ചിൽ എത്തിയത്. അവിടെ നിന്നും ലിഗയെ അനില്‍ കുമാര്‍ഫൈബർ വള്ളത്തിൽ കനാലിലൂടെ പൂനംതുരുത്തിലേക്ക് കൊണ്ടുപോയി. അവിടെ വച്ചായിരുന്നു ക്രൂര കൊലപാതകം. കോവളം ഗ്രോവ് ബീച്ചിൽ നിന്ന് സമുദ്രഹോട്ടലിന് പിന്നിലെ വഴിയിലൂടെ പാറനിറഞ്ഞ കുന്ന് കയറിയിറങ്ങി ടി.എസ്.കനാലിന്റെ കവാടത്തിലെത്തിച്ച്, അവിടെ നിന്ന് ചെറിയ ഫൈബർ തോണിയിലാണ് പൂനംതുരുത്തിലെ കണ്ടൽക്കാട്ടിൽ എത്തിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ലിഗയുടെ മൃതദേഹം കണ്ടതിന് 300മീറ്റർ അകലെ മത്സ്യത്തൊഴിലാളിയായ മധുവും കുടുംബവും താമസിക്കുന്നുണ്ട്. 14ന് രാവിലെ 10.30ന് സമീപവാസിയായ ഉമേഷ്, തുരുത്തിൽ ഒരു ഗസ്റ്റ് (അതിഥി ) ഇരിപ്പുണ്ടെന്ന് പറഞ്ഞതായി മധുവിന്റെ ഭാര്യ മൊഴിനൽകി. ഇതാണ് കേസിൽ നിർണ്ണായകമായത്. അന്വേഷണത്തിൽ ഉമേഷിന്റെ വീടിനടുത്ത് താമസിക്കുന്ന സന്തോഷിന്റെ വീട്ടിൽ ചില യുവാക്കൾ ലഹരി മരുന്നുമായി എത്താറുണ്ടെന്ന് പൊലീസ് കണ്ടെത്തി. സന്തോഷിന്റെ ബന്ധുവാണ് യോഗപരിശീലകനായ അനിൽ. ഇതാണ് കേസിൽ നിർണ്ണായകമായത്.

മീൻപിടിക്കാൻ പോകാൻ കടവിലെത്തിയപ്പോൾ തുരുത്തിൽ ബഹളം കേട്ടെന്നും ചെന്നു നോക്കിയപ്പോൾ ലിഗയെ ചിലർ കണ്ടൽക്കാട്ടിൽ ഓടിക്കുന്നത് കണ്ടെന്നുമുള്ള മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. ലഹരിവിൽപ്പനക്കാരാണ് ലിഗയെ ഓടിച്ചത്. ജീവനിൽ ഭയമുള്ളതിനാൽ താൻ തിരിച്ചുപോയെന്നാണ് മൊഴി. ലിഗയുടെ കൊലയാളികളെ രണ്ട് സ്ഥലവാസികൾ കണ്ടെന്ന് വിവരമുണ്ട്.
കൊലപാതകം നടത്തിയത് ഒന്നിലധിക ആളുകൾ ചേർന്ന് കഴുത്തു ഞെരിച്ചാണ് എന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇരുമ്പു ദണ്ഡോ കാൽമുട്ടോ ഉപയോഗിച്ചാകാം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്. മരിക്കും മുമ്പ് അമിത അളവിൽ ശരീരത്തിൽ ലഹരിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. വാഴമുട്ടത്തെ യോഗ പരിശീലകനായ അനിലാണ് ലിഗയ്ക്കു കഞ്ചാവ് ചേർത്ത സിഗരറ്റ് നൽകിയത്. എന്നാൽ ഉള്ളിൽ എത്തിയ ലഹരി പദാർത്ഥം എന്താണ് എന്നു കണ്ടെത്താൻ രാസപരിശോധന ഫലം വന്നാൽ മാത്രമേ കഴിയു. മയക്കുമരുന്ന് സംഘമാണ് ലിഗയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. അതിക്രൂരമായാണ് ലിഗയെ വകവരുത്തിയതെന്നാണ് വ്യക്തമാകുന്നത്.

ക്രിസ്റ്റോ ചിറമുഖത്ത്