‘ദലിതരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത് അവര്‍ക്ക് മോക്ഷം നല്‍കാന്‍’- വിവാദ പരാമര്‍ശവുമായി യു.പി മന്ത്രി

ഉയര്‍ന്ന ജാതിക്കാരായ മന്ത്രിമാരായ ദലിതരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതോടു കൂടി അവര്‍ക്ക് മോക്ഷം ലഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി രാജേന്ദ്ര പ്രതാപ് സിങ്. 2019 തെരഞ്ഞൈടുപ്പ് മുന്നില്‍ കണ്ട് ദലിതരെ കയ്യിലെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടെയാണ് അവരെ താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള പരാമര്‍ശവുമായി പ്രതാപ് സിങ് രംഗത്തെത്തിയിരിക്കുന്നത്.

‘ശ്രീരാമന്‍ ശബരി എന്ന കാട്ടാള സ്ത്രീ നല്‍കിയ പഴങ്ങള്‍ ഭക്ഷിച്ച് അവര്‍ക്ക് അനുഗ്രഹം നല്‍കിയതു പോലെയാണ് ബി.ജെ.പി നേതാക്കള്‍ ദലിതരുടെ കുടിലുകള്‍ സന്ദര്‍ശിക്കുന്നത്. നേതാക്കളുടെ സന്ദര്‍ശനത്തോടെ ഇവര്‍ അനുഗ്രഹീതരാവും’- പ്രതാപ് സിങ് പറഞ്ഞു. യു.പിയില്‍ ഒരു ഗ്രമത്തില്‍ ദലിത് വിഭാഗത്തില്‍ പെട്ടയാളുടെ വീട്ടില്‍ അത്താഴത്തിനു പോവുന്നതിന് മുന്നോടിയായാണ് ഇയാളുടെ പ്രതികരണം.

‘ഞാന്‍ ഒരു ക്ഷത്രിയനാണ്. മതത്തിന്റേയും സമൂഹത്തിന്റേയും സുരക്ഷക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നത് എന്റെ ബാധ്യതയാണ്. ഞങ്ങള്‍ക്ക് വഴി കാണിക്കുന്ന പ്രധാനമന്ത്രിക്ക് നന്ദി പറയുകയാണ്.
ഇവരുടെ മുഖത്തെ സന്തോഷം നമുക്ക് കാണാം. തങ്ങള്‍ക്ക് ഒരിക്കലും അനുഭവിക്കാന്‍ കഴിയാത്ത ഒന്ന് ലഭിച്ചതു പോലെയാണ് അത്’- രാജേന്ദ്ര പ്രസാദ് പറഞ്ഞു.

ദലിത് ഗ്രാമങ്ങളില്‍ കൂടുതല്‍ സമയം ചെലവിടണമെന്ന യോഗി ആദിത്യ നാഥിന്റെ നിര്‍ദ്ദേശം വന്നതിനു പിന്നാലെയാണ് രാജേന്ദ്ര പ്രസാദ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യോഗിയും ഉപമുഖ്യമന്ത്രിയുമുള്‍പെടെയുള്ള നേതാക്കള്‍ ദലിത് വീട്ടില്‍ അത്താഴത്തിനെത്തിയിരുന്നു.