‘ബി.ജെ.പി മുക്ത ഭാരതമല്ല എന്റെ ആവശ്യം’- രാഹുല്‍ ഗാന്ധി

ബംഗളൂരു: കോണ്‍ഗ്രസ് മുക്ത ഇന്ത്യയെന്ന ബി.ജെ.പി നേതാക്കളുടെ പല്ലവിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. ബി.ജെ.പി മുക്ത ഭാരതമല്ല താന്‍ ആവശ്യപ്പെടുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങളവര്‍ക്കെതിരെ യുദ്ധം ചെയ്യുമെന്നും അവരെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെക്കാന്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളുണ്ടായിരുന്നവരാണ് ബി.ജെ.പിക്കു വേണ്ടി കോണ്‍ഗ്രസ് വിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മോദി എന്നെയും മറ്റു കോണ്‍ഗ്രസ് നേതാക്കളേയും കുറിച്ച് താഴ്ത്തിക്കെട്ടി സംസാരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. എന്നാല്‍ ഞാന്‍ പ്രധാനമന്ത്രി എന്ന സ്ഥാനത്തെ ബഹുമാനിക്കുന്നു. അതിനാല്‍ മോദിയുപടെ ഭാഷയില്‍ ഞാന്‍ സംസാരിക്കാറില്ല. ബി.ജെ.പി ഇല്ലാത്ത ഒരു ഇന്ത്യ എന്നത് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല- രാഹുല്‍ പറഞ്ഞു.

ആര്‍.എസ്.എസിനെതിരെ കര്‍ണാടകയില്‍ ശക്തമായ വികാരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുഝറാത്തില്‍ കണ്ടതുപോലെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി വിരുദ്ധ വികാരം അലയടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.