കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. മെയ് 5 മുതല്‍ ഏഴുവരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റ് തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ ഉത്തരേന്ത്യയിലുണ്ടായ പൊടിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 108 കടന്നു. 200 ല്‍ അധികം പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രം 70ല്‍ അധികം പേര്‍ മരിച്ചു. രാജസ്ഥാനില്‍ മരണം 38 കടന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അടുത്ത 48 മണിക്കൂറിനുള്ളില്‍ വീണ്ടും കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുധനാഴ്ച്ച വൈകുന്നേരമാണ് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ് ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റ് ആഞ്ഞ് വീശിയത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലാണ് കാറ്റ് ഏറ്റവും കനത്ത നാശം വിതച്ചിരുന്നത്.ആഗ്ര, ബിജിനോര്‍, ഷഹരന്‍പൂര്‍, ബറേലി എന്നീ നാല് ജില്ലകളില്‍ മാത്രം മരിച്ചവരുടെ എണ്ണം 60 കടന്നു. നിരവധി പേര്ക്ക് പരുക്കേറ്റു. 100 കണക്കിന് കന്നുകാലികളും ചത്തു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

രാജസ്ഥാനിലെ ഭരത്പൂര്‍ ധോല്‍പൂര്‍, ആല്‍വാര്‍, ബിക്കനീര്‍ എന്നിവിടങ്ങളിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നൂറില്‍ അധികം വീടുകളാണ് ഇവിടെ തകര്‍ന്നടിഞ്ഞിരുന്നത്. നിരവധി മരങ്ങളും വൈദ്യതി പോസ്റ്റുകളും കടപുഴകുകയും ചെയ്തു, രാജസ്ഥാനില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.