വ്യവസായിയുടെ അക്കൗണ്ടില്‍ 55 കോടി എത്തി; കള്ളപ്പണമെന്ന് സംശയം: അന്വേഷണം ആരഭിച്ചു

കൊച്ചി. ബള്‍ഗേറിയയില്‍ നിന്നും കൊച്ചിയിലെ വ്യവസായിയുടെ അക്കൗണ്ടിലേക്കെത്തിയ 55 കോടി രൂപ കള്ളപ്പണമാണെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി എളമക്കരയില്‍ താമസിക്കുന്ന വ്യവസായി ജോസ് ജോര്‍ജിന്റെ അക്കൗണ്ടിലേക്കാണ് കോടികള്‍ എത്തിയത്. ബാങ്ക് അധികൃധര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം.
പണത്തിന്റെ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ജോസിന്റെയും ബന്ധുക്കളുടെയും ബാങ്കിടപാടുകള്‍ മരവിപ്പിച്ചിരിക്കയാണ്.സൂര്യകാന്തി എണ്ണയും പഞ്ചസാരയും കയറ്റുമതി ചെയ്തതിന് ലഭിച്ച പണമാണ് എന്നാണ് ജോസിന്റെ വിശദീകരണം .വില്ലിംഗ്ട്ടണ്‍ ഐലന്‍ഡിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള അക്കൗണ്ടിലേക്ക് കഴിഞ്ഞ ജൂലൈ ഏഴു മുതല്‍ പതിനഞ്ച് വരെയുള്ള തീയതികളിലാണ് പണം വന്നത് .കയറ്റുമതി ബിസിനസിന്റെ മറവില്‍ വ്യവസായി കള്ളപ്പണം കൈമാറ്റം ചെയ്തതായി പോലീസ് സംശയിക്കുന്നു.അക്കൗണ്ടിലെത്തിയ തുക ഉടന്‍ തന്നെ ബന്ധുക്കളുടെ പേരിലേക്ക് മാറ്റിയതാണ് സംശയത്തിന് ഇടയാക്കിയത് .
സൂര്യകാന്തി ഭക്ഷ്യ എണ്ണ ,പഞ്ചസാര എന്നിവ കയറ്റി അയച്ചതിന് ബള്‍ഗേറിയയിലെ സ്വസ്ത ഡി എന്നകമ്പനിയില്‍ നിന്നാണ് പണം എത്തിയത് .സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ മുംബൈ തുറമുഖം വഴി കയറ്റുമതി ചെയ്തതിന്റെ രേഖകള്‍ കാണിച്ചു.ഇവ ബാങ്ക് കസ്റ്റംസിന് കൈമാറി .കസ്റ്റംസ് പരിശോധനയില്‍ ഇത്തരം ഒരു ഇടപാട് നടന്നിട്ടില്ലെന്ന് തെളിഞ്ഞു. തുടര്‍ന്ന് വിവരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിനെ അറിയിച്ചു.രേഖകളും അതില്‍ പതിച്ച സീലും വ്യാജമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പ്രാധമിക പരിശോധനയില്‍ തന്നെ കണ്ടെത്തി.ബള്‍ഗേറിയന്‍ കമ്പനി ഇതുവരെ പണം നഷ്ട്ടമായതായി പരാതി നല്‍കിയിട്ടില്ല.കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമായി സഹകരിച്ചതുമില്ല.ഇതേ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് കൊച്ചി ഹാര്‍ബര്‍ പോലീസിന് പരാതി നല്‍കി .വ്യാജ രേഖ നിര്‍മ്മിച്ചതിന് ജോസ് ജോര്‍ജിനെതിരെ പോലീസ് അന്വഷണം ആരംഭിച്ചു.
കയറ്റുമതി നടത്തിയതായി രേഖകളില്‍ പറയുന്ന സമയത്തിന് മുന്‍പെ തന്നെ പണം അക്കൗണ്ടിലെത്തിയതായി അന്വേഷണ ഏജന്‍സികള്‍ പറയുന്നു.1987 ല്‍ കയറ്റുമതിക്ക് ലൈസന്‍സ് ലഭിച്ച സ്ഥാപനത്തില്‍ നാളിതുവരെ വന്‍ തുകയുടെ ഇടപാടുകള്‍ നടന്നിട്ടില്ലെന്നാണ് പോലിസ് പ്രാധമിക പരിശോധനയില്‍ കണ്ടെത്തിയത് .