ഫോമയില്‍ രണ്ടാം തലമുറ അനിവാര്യം മുന്‍ ഫോമ പ്രസിഡന്‍റ്റ് ആനന്ദന്‍ നിരവേല്‍

ഫോമ രൂപീകൃതമായ ശേഷം ഒരു ദശാബ്ദം പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ഈ അവസരത്തില്‍ ഒരു ദേശിയ സംഘടന എന്ന നിലയില്‍ ചില മാറ്റങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യത ആണെന്ന് മുന്‍ ഫോമ പ്രസിഡന്‍റ്റ് ആനന്ദന്‍ നിരവേല്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ മലയാളി സമൂഹത്തിന് ഒഴിച്ച് കൂടാന്‍ സാധിക്കാത്ത നിലയില്‍ ഫോമ കഴിഞ്ഞ കാലയളവില്‍ വളര്‍ന്നു കഴിഞ്ഞു. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയില്‍ ഫോമ നടത്തിയ ചുവട് വെയ്പ്പ് അംഗീകരിക്കപ്പെടേണ്ടത് തന്നെ. കഴിവും ചുറുചുറുക്കുമുള്ള ചെറുപ്പക്കാര്‍ ഫോമ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത് സന്തോഷം തരുന്നതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഫോമ കണ്‍വെന്‍ഷന്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ കേളി കോട്ടാവുന്നത് നല്ലത് തന്നെ. പക്ഷേ ഒരു കണ്‍വെന്‍ഷന്റ്‌റെ മേന്മ കണക്കാക്കേണ്ടത് അവരുടെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ആകെ തുകയുടെ അടിസ്ഥാനത്തില്‍ ആവണം. ആ രീതിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഭരണ സമിതി നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചു.

എടുത്തു പറയേണ്ട ഒന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തെ വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ തന്നെ ആണ്. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തനം കഴിഞ്ഞ വിമന്‍സ് ഫോറം ഭാരവാഹികള്‍ കാഴ്ച്ച വെച്ചു . നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സ്‌കോളര്‍ഷിപ്പും അശരണര്‍ക്ക് സാന്ത്വനമേകിയ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയം തന്നെ. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍, രണ്ടാം തലമുറയുടെ , ഫോമ പ്രവര്‍ത്തങ്ങളില്‍ സജീവമാകുന്നു. വിമന്‍സ് ഫോറം സെക്രട്ടറി രേഖ നായര്‍ പുതിയ തലമുറയുടെ വാക്താവാണ് .അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന രേഖയെ പോലെ ഉള്ള ഏതാനം പേരെ ഈ സംഘടനയില്‍ അണിനിരത്താനുള്ള ശ്രമങ്ങള്‍ ഗൗരവമായി നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഫോമക്ക് മഹത്തായ പാരമ്പര്യമുണ്ട്, കാഴ്ചപ്പാടുകള്‍ ഉണ്ട്, അവ നടപ്പിലാക്കാനുള്ള സംവിധാനങ്ങളുമുണ്ട്. സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരുന്ന രണ്ടാം തലമുറയില്‍പെട്ടവരെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ ഫോമ ഡെലിഗേറ്റുകള്‍ തയ്യാറാവണം. ഇത് ഈ സംഘടനയുടെ മുമ്പോട്ടുള്ള പ്രയാണത്തില്‍ അത്യന്താപേക്ഷിതമായ ഒന്നാണ്. സംഘടനകള്‍ നമ്മള്‍ക്ക് വേണ്ടി മാത്രം ആവരുത് മറിച്ചു സംഘടന പ്രവര്‍ത്തങ്ങളില്‍ പുതിയ തലമുറയെ കൂടി ഉള്‍പ്പെടുത്തി, അവര്‍ക്ക് കൂടി പ്രയോജനപ്രദം ആവുന്ന രീതിയില്‍ ആവണം എന്നും ആനന്ദന്‍ നിരവേല്‍ കൂട്ടി ചേര്‍ത്തു.
എബി ആനന്ദ് അറിയിച്ചതാണിത്.