ദേശീയ പുരസ്‌കാര വിതരണ വിവാദം: ‘സ്മൃതിയുടെ മന്ത്രാലയത്തിന്റെ പിടിപ്പുകേട്’, പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ച് രാഷ്ട്രപതി

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അതൃപ്തി അറിയിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പിടിപ്പുകേടാണ് ഇത്തരമൊരു വിവാദം വലിച്ചിട്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു.

11 പുരസ്‌കാര ജേതാക്കള്‍ക്കു മാത്രമേ രാഷ്ട്രപതി സമ്മാനിക്കൂയെന്ന നിലപാടെടുത്തതോടെ 68 പുരസ്‌കാര ജേതാക്കള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇവരുടെ കസേരകള്‍ മാറ്റിയിട്ടാണ് പിന്നീടു പരിപാടി തുടങ്ങിയത്.

ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രപതിക്കെതിരെ പ്രചരിക്കുന്ന കാര്യങ്ങളിലും അതൃപ്തി രേഖപ്പെടുത്തി. സ്മൃതി ഇറാനി കൈകാര്യം ചെയ്യുന്ന കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വിശ്വാസലംഘനം കാണിച്ചു. അവസാന നിമിഷമെടുത്ത തീരുമാനം രാഷ്ട്രപതിയുടെ ഓഫിസില്‍ നിന്നാണെന്ന കാര്യം തെറ്റാണ്. തന്റെ ഓഫിസിനെ നിന്ദിക്കലാണിതെന്നും രാഷ്ട്രപതിയുടെ ഓഫിസ് പറഞ്ഞു.

രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ പരിപാടിയില്‍ സംബന്ധിക്കുകയുള്ളൂവെന്ന് നേരത്തേ അറിയിച്ചതാണ്. ഏപ്രില്‍ ആദ്യത്തില്‍ തന്നെ ഇക്കാര്യം അറിയിച്ചതാണ്. രാഷ്ട്രപതി പുരസ്‌കാരം കൊടുക്കേണ്ടവരുടെ പട്ടിക മന്ത്രാലയം തയ്യാറാക്കണമെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷമുണ്ടായ മാറ്റമെന്ന നിലയ്ക്കാണ് മന്ത്രാലയം ഇതു പ്രചരിപ്പിച്ചത്.