‘സുല്‍ത്താന്മാരുടെ ജയന്തികള്‍’ കോണ്‍ഗ്രസ് ആഘോഷിക്കുന്നത് വോട്ടിനു വേണ്ടിയെന്ന് മോദി

ചിത്രദുര്‍ഗ: സുല്‍ത്താന്മാരുടെ ‘ജയന്തികള്‍’ കോണ്‍ഗ്രസ് ആഘോഷിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമിട്ടാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യവുമായി കോണ്‍ഗ്രസ് ചരിത്രം വളച്ചൊടിക്കുകയാണെന്നും മോദി ആരോപിച്ചു. എല്ലാവര്‍ഷവും നവംബര്‍ പത്തിന് ടിപ്പു ജയന്തി ആഘോഷിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പരാമര്‍ശം.
ബിജെപിയുടെ ശക്തമായ എതിര്‍പ്പു മറികടന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷിച്ചിരുന്നത്.

‘കോണ്‍ഗ്രസിന്റെ രീതികള്‍ നോക്കൂ… ആരുടെ ജയന്തിയാണു നമ്മള്‍ ബഹുമാനത്തോടെ ആഘോഷിക്കേണ്ടത്? ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ചിന്തിക്കുന്നതു പോലുമില്ല. വീര മദകരി, ഒനാകെ ഒബ്ബാവ എന്നിവരെ അവര്‍ മറന്നു. പക്ഷേ വോട്ട്ബാങ്ക് ലക്ഷ്യമാക്കി ടിപ്പു ജയന്തി ആഘോഷിക്കുന്നു’മോദി പറഞ്ഞു.

ടിപ്പു ജയന്തി ആഘോഷിക്കുന്നതിലൂടെ കര്‍ണാടകയിലെയും ചിത്രദുര്‍ഗയിലെയും ജനങ്ങളെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ചിത്രദുര്‍ഗയിലെ ജനങ്ങളുടെ വികാരങ്ങളെ തൊട്ടാണ് അവര്‍ കളിച്ചത്. ഈ മണ്ണിലെ ജനതയുടെ ഐതിഹാസികതയെ വിലകുറച്ചുകണ്ട കോണ്‍ഗ്രസിനോടു ജനങ്ങള്‍ പൊറുക്കില്ല. ദേശീയതയ്ക്കു വേണ്ടി പോരാടിയ പലരെയും കോണ്‍ഗ്രസ് പാര്‍ശ്വവല്‍ക്കരിക്കുകയാണെന്നും മോദി ആരോപിച്ചു.

അതേസമയം ബിജെപിയുടെ ആരോപണങ്ങള്‍ക്കു മറുപടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി. കര്‍ണാടകയില്‍ നരേന്ദ്ര മോദി ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഭാഷയാണെന്നു സിദ്ധരാമയ്യ പ്രതികരിച്ചു. കര്‍ണാടകയില്‍ ബിജെപിക്കു മുഖവിലയുള്ള ഒരു നേതാവു പോലുമില്ല. അതുകൊണ്ടാണു പ്രധാനമന്ത്രിയെ മാത്രം പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.