ഭരണം സൂപ്പറെന്ന് പിണറായി; വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കാന്‍ രണ്ടു വര്‍ഷത്തെ ഭരണത്തിന് കഴിഞ്ഞു

തിരുവനന്തപുരം : കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാനും വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കാനും രണ്ടുവര്‍ഷത്തെ ഇടതുമുന്നണി ഭരണം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു അഴിമതി ആരോപണവും കേള്‍പ്പിക്കാതെ രണ്ടാംവര്‍ഷവും പൂര്‍ത്തിയാക്കി എന്നതാണ് ശ്രദ്ധേയമായ കാര്യമെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും ഉയരാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാനജനവിഭാഗളിലേക്കും അരികുവല്‍ക്കരിക്കപെട്ടവരിലേക്കും വികസനമെത്തിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ പ്രഥമ പരിഗണന. അതില്‍ ഏറെക്കുറെ വിജയിച്ചു എന്നു വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ പൊതുവികസനത്തിനു ഉതകുന്ന ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, കൂടംകുളം വൈദ്യുതി ലൈന്‍ തുടങ്ങിയവയില്‍ സര്‍ക്കാര്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോയി. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള നാല് മിഷനുകള്‍ മികച്ച രീതിയില്‍ മുന്നേറുന്നു.

ക്രമസമാധാനനില മെച്ചപ്പെടുത്താനും കുറ്റാന്വേഷണം കാര്യക്ഷമമാക്കാനുമായി. കേരളത്തെ നിക്ഷേപ സൗഹൃദമാക്കിമാറ്റുവാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. അഞ്ചുവര്‍ഷം കൊണ്ട് 50,000 കോടി രൂപ പശ്ചാത്തല വികസനം ലക്ഷ്യമിട്ട് കിഫ്ബി മുന്നേറുന്നു. പ്രവാസികളുടെ കഴിവും പരിചയസമ്പത്തും കേരളത്തിന്റെ വികസനത്തിന് പ്രയേജനപ്പെടുത്തുവാന്‍ ലോകകേരളസഭ രൂപീകരിച്ചു. സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിച്ചു വീണ്ടും ലാഭത്തിലാക്കികൊണ്ടിരിക്കുന്നു. നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കാനും നവീകരിക്കാനുമുളള ശ്രമങ്ങള്‍ ഊര്‍ജ്ജ്വസ്വലമായി നടക്കുന്നു.

വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന സുസ്ഥിരവികസനം കേരളത്തില്‍ എല്ലായിടത്തും എത്തിക്കാന്‍ തുടര്‍ന്നും നിങ്ങളുടെയെല്ലാം നിര്‍ദ്ദേശങ്ങളും അകമഴിഞ്ഞ പിന്തുണയും സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.