കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടിങ് പുരോഗമിക്കുന്നു; തീരദേശ കര്‍ണാടകത്തില്‍ കനത്ത പോളിങ്

ബംഗളൂരു: കര്‍ണാടകത്തില്‍ ആദ്യ ആറ് മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്. തീരദേശ കര്‍ണാടകത്തില്‍ കനത്ത പോളിങ് രേഖപ്പെടുത്തിയപ്പോള്‍ ലിംഗായത്ത് സ്വാധീന മേഖലയായ ഹൈദരാബാദ് കര്‍ണാടകത്തില്‍ മന്ദഗതിയിലാണ് വോട്ടെടുപ്പ്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനൊടുവില്‍ കര്‍ണാടകം വിധിയെഴുതിത്തുടങ്ങിയത് രാവിലെ ഏഴ് മണിക്കാണ്.ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയത് വോട്ടെടുപ്പ് തുടങ്ങാന്‍ വൈകി. ഹാസനില്‍ വോട്ടുചെയ്യാനെത്തിയ ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡക്കും ഇതേത്തുടര്‍ന്ന് കാത്തുനില്‍ക്കേണ്ടി വന്നു. ഗ്രാമങ്ങളില്‍ നീണ്ട നിര പ്രകടമായി. നഗര മണ്ഡലങ്ങളില്‍ തുടക്കത്തിലുണ്ടായ ആവേശം പിന്നീട് കണ്ടില്ല.

ജെഡിഎസും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുളള പോരാട്ടം മൈസൂരു മേഖലയിലെ പോളിങ്ങില്‍ പ്രതിഫലിക്കുന്നുണ്ട്. ഗ്രാമങ്ങള്‍ സജീവമായി വോട്ട് ചെയ്യുന്നത് ഇരുപാര്‍ട്ടികള്‍ക്കും പ്രതീക്ഷ നല്‍കുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ കടുത്ത മത്സരം നേരിടുന്ന ചാമുണ്ഡേശ്വരിയിലടക്കം ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.

വോട്ടെടുപ്പ് തുടങ്ങിയതു മുതല്‍ കുതിച്ചുയരുകയാണ് തീരദേശ കര്‍ണാടകത്തിലെ മൂന്ന് ജില്ലകളിലും പോളിങ് ശതമാനം. ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും പതിനൊന്ന് മണിയോടെ തന്നെ പോളിങ് മുപ്പത് ശതമാനം കടന്നു.