ജയലളിത അന്തരിച്ചു

    7 ദിവസം ഔദ്യോഗിക ദുഃഖാചരണം

    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി 

    ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം

    രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും

    ഹൃദയസ്തംഭനമാണ് മരണകാരണം

    ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത അന്തരിച്ചു.68 വയസ്സായിരുന്നു. രാത്രി 11.30 ഓടെയാണ് അന്ത്യം സംഭവിച്ചത്. എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിക്ക് ചുറ്റും അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. നിരവധി കാറുകള്‍ തകര്‍ത്തു. ആശുപത്രി ബാരിക്കേഡുകള്‍ തകര്‍ത്ത് ആശുപത്രിക്കുള്ളിലേക്ക് കയറാനുള്ള ശ്രമം നടക്കുകയാണ്. പോലീസ് പാര്‍ട്ടി പ്രവര്‍ത്തകരെ തടയാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്ത് മാറത്തടിച്ച് കരയുന്ന കാഴ്ചയാണ് ചാനലുകളില്‍ കാണിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തെ ഉദ്ധരിച്ചുകൊണ്ടാണ് തമിഴ് വാര്‍ത്താ ചാനലുകള്‍ മരണവാര്‍ത്ത പുറത്തുവിട്ടത്.

    ഞായറാഴ്ച വൈകുന്നേരം നാലരയോടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. മൂന്നുമാസമായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് ജയലളിത. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ഉടന്‍ ഡിസ്ചാര്‍ജ് ആകുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം ഉണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അവരെ വീണ്ടും ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിക്ക് മുന്നില്‍ പോലീസിന്റെ വന്‍ സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും രാവിലെമുതല്‍ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുയായിരുന്നു. 1982 ല്‍ അണ്ണാ ഡി.എം.കെയില്‍ അംഗമായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയതെങ്കിലും തൊട്ടടുത്ത വര്‍ഷം പാര്‍ട്ടിയുടെ പ്രൊപ്പഗണ്ടാ സെക്രട്ടറിയായി ഉയര്‍ത്തപ്പെട്ടു. പിറ്റേവര്‍ഷം നടന്ന തിരുചെന്തൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ ജയയെ എം.ജി.ആര്‍ നിയോഗിച്ചു. 84 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജയലളിത. 89 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. എം.ജി.ആറിന്റെ മരണശേഷമാണ് സജീവമായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചത്. എട്ടുതവണ നിയസമഭയിലേക്ക് മത്സരിച്ച ജയ. ഒരിക്കല്‍ പരാജയം അറിഞ്ഞിട്ടുണ്ട്. 89 ല്‍ ബോഡിനായ്ക്കന്നൂര്‍ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. അപ്പോള്‍ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ജീവിതത്തില്‍ ഏറ്റവും കയ്‌പ്പേറിയ അനുഭവം ജയക്കുണ്ടായത് അക്കാലത്താണ്. തമിഴ്‌നാട് നിയമസഭയ്ക്കുള്ളില്‍ വെച്ച് അവര്‍ ഡി.എം.കെ അംഗങ്ങളുടെ ക്രൂരമായ ആക്രമണത്തിനിരയായി. സാരിയും ബ്ലൗസും ഒക്കെ വലിച്ചുകീറപ്പെട്ടു. മഹാഭാരതത്തിലെ ദ്രൗപതിയോടാണ് അക്കാലത്ത് മാധ്യമങ്ങളും പൊതുജനങ്ങളും ജയലളിതയെ ഉപമിച്ചത്. മുഖ്യമന്ത്രിയായിട്ടുമാത്രമേ ഞാനിനി ഈ നിയമസഭയില്‍ പ്രവേശിക്കൂവെന്ന് പ്രതിജ്ഞയെടുത്താണ് അന്ന് ജയലളിത നിയമസഭവിട്ടത്. 91 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ജയലളിത ആദ്യമായി മുഖ്യമന്ത്രിയായി. അഴിമതി ആരോപണങ്ങള്‍ അലയടിച്ച അന്തരീക്ഷമായിരുന്നു ഇക്കാലത്തേത്. വളര്‍ത്തുമകന്റെ വിവാഹം. ജയലളിതയുടെ തോഴിയുടെയും ഭര്‍ത്താവിന്റെയും പകല്‍ക്കൊള്ളകള്‍. ഇതൊക്കെ പിന്നീടുവന്ന 96 സംസ്ഥാന തെരഞ്ഞെടുപ്പില്‍ ജയലളിതയ്ക്ക് വിനയായി ഭവിച്ചു. 96 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബര്‍ഗൂറില്‍ നിന്ന് മത്സരിച്ചെങ്കിലും ഡി.എം.കെയിലെ ഇ.ജി.സുഘാവനത്തോട് പരാജയപ്പെട്ടു. ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. കരുണാനിധി സര്‍ക്കാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ജയലളിതയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് വന്‍വിവാദമായിരുന്നു. 2001 ലെ തെരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും അഴമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടു.
    പിന്നീട് 2011 ലും 2016ലും വന്‍ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായി. പല അഴിമതിക്കേസുകള്‍ നിമിത്തം രണ്ടുതവണ സ്ഥാനത്യാഗം ചെയ്യേണ്ടിയും വന്നു. അഴിമതിക്കേസുകളുടെ കുരുക്ക് അഴിഞ്ഞതോടുകൂടി ഒട്ടേറെ വികസനപദ്ധതികള്‍ക്കാണ് ജയലളിത തുടക്കമിട്ടത്. എല്ലാ വികസന പദ്ധതികളും അമ്മ ബ്രാന്‍ഡിലാണ് ആസൂത്രണം ചെയ്തത്. അമ്മ ക്യാന്റീന്‍ മുതല്‍ അമ്മ മൊബൈല്‍ വരെ നീളുന്ന പദ്ധതികളിലൂടെ ജനമനസ്സി കീഴടക്കുന്നതിനിടെയിലാണ് അസുഖബാധിതയായി ആശുപത്രിയിലാകുന്നത്. സെപ്റ്റംബര്‍ 23 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ജയലളിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഒരുപാട് ആശങ്കകള്‍ ഉയര്‍ന്നു. ജയലളിത ആശുപത്രിയിലായത് അറിഞ്ഞതോടെ ജനങ്ങള്‍ ആശുപത്രി കവാടത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. അമ്മയുടെ ആരോഗ്യത്തിനായി ക്ഷേത്രങ്ങള്‍തോറും വഴിപാടുകള്‍ നേര്‍ന്നു.

    Related News

    പുരൈട്ച്ചി തലൈവി അമ്മ

    ജയലളിത; ഒരു കാതലിന്‍ കഥ

    ജയലളിതയുടെ ആദ്യ സിനിമ ‘എ’ പടം

    തെരഞ്ഞെടുപ്പ് പ്രചരണത്തിനിപ്പോഴും ജയ-എം.ജി.ആര്‍ ചിത്രം