ഗോരഖ്പൂര്‍ ദുരന്തം: തന്നെ ഇപ്പോഴും യു.പി സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ഡോ. കഫീല്‍ ഖാന്‍

കൊച്ചി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നതായി ഡോ. കഫീല്‍ ഖാന്‍.

കണ്‍മുന്നില്‍ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന കാഴ്ച്ച കണ്ടിട്ടും ഭരണനേതൃത്വങ്ങളിലിരുന്നവര്‍ക്ക് മനസലിഞ്ഞില്ല. 48 മണിക്കൂറിനുള്ളില്‍ ഓക്‌സിജന്‍ ലഭിക്കാതെ നിഷ്‌കളങ്കരായ 63 കുട്ടികളാണ് മരിച്ചുവീണത്. ബജറ്റില്‍ പണം ഇല്ലാഞ്ഞിട്ടല്ല ഇത് സംഭവിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ സംഭവം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്.

ജൂനിയര്‍ ഡോക്ടറായ തന്നെ വകുപ്പ് തലവനെന്നും വൈസ് പ്രിന്‍സിപ്പലെന്നുമുള്ള രീതിയില്‍ പ്രചരണം നടത്തി പ്രശ്‌നങ്ങളൊക്കെ തലയില്‍കെട്ടിവച്ച് രക്ഷപെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. 2019ലെ തെരഞ്ഞെടുപ്പുവരെ തന്നെ ജയിലിലടക്കാനാണ് ശ്രമിച്ചത്. എന്നാല്‍ സര്‍ക്കാര്‍ കോടതിയില്‍ പരാജയപ്പെടുകയായിരുന്നു. കെട്ടിവച്ച ആരോപണങ്ങളൊന്നും തെളിയിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.നിസ്വാര്‍ഥ സേവനം ചെയ്ത തന്നെ കൊടുംകുറ്റവാളികള്‍ക്കൊപ്പമാണ് ജയിലില്‍ താമസിപ്പിച്ചത്.

എന്തിനാണു ജയിലില്‍ കിടക്കുന്നതെന്നു പോലും തനിക്കറിയില്ലായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരും ആശുപത്രി അധികൃതരുമടക്കം ആരും ഒപ്പംനിന്നില്ല. അതേസമയം, രാജ്യത്തിന്റെ പലഭാഗത്തുനിന്നും സോഷ്യല്‍ മീഡയയില്‍ ഉള്‍പ്പെടെ ഒരുപാടുപേര്‍ പിന്തുണച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ പുറത്തുവന്ന ശേഷമാണ് അറിഞ്ഞത്. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.