കലാശാല ബാബു അന്തരിച്ചു

കൊച്ചി: നടന്‍ കലാശാല ബാബു (68) അന്തരിച്ചു. രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു കാലമായി രോഗബാധിതനായിരുന്നു.

കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനാണ് കലാശാല ബാബു. നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്.

1977ല്‍ പുറത്തിറങ്ങിയ ഇണയെത്തേടി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റം വിജയകരമല്ലാതിരുന്നതിനാല്‍ നാടകത്തിലേക്ക് മടങ്ങി.

തുടര്‍ന്ന് സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ലോഹിതദാസിന്റെ കസ്തൂരിമാനിലെ തീവിഴുങ്ങി ലോനപ്പന്‍ മുതലാളിയായി വീണ്ടും സിനിമയിലെത്തി. എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റണ്‍വേ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷം ചെയ്തു. ഭാര്യ: ലളിത. മക്കള്‍: ശ്രീദേവി, വിശ്വനാഥന്‍.