പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയ വത്കരിച്ചെന്ന ആരോപണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:  പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയ വത്കരിച്ചെന്ന ആരോപണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  വിവാദങ്ങളില്‍ കഴമ്പില്ലെന്നും രക്തസാക്ഷി അനുസ്മരണം നേരത്തെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.  പൊലീസിലെ രക്തസാക്ഷികളെയാണ് ആസോസിയേഷന്‍ അനുസ്മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് അസോസിയേഷനില്‍ രാഷ്ട്രീയ അതിപ്രസരമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വിവാദമായിരുന്നു.  ഇതേതുടര്‍ന്ന് പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളിയില്‍ അന്വേഷണത്തിന് ഡിജിപി നിര്‍ദ്ദേശം നല്‍കി. റേഞ്ച് ഐജിമാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. ചട്ടലംഘനം ഉള്‍പ്പെടെ അന്വേഷിക്കാന്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെ പൊലീസ് അസോസിസേഷന്‍ സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തില്‍ മാറ്റം വരുത്തിയിരുന്നു. സ്തൂപത്തിന്റെ നിറം നീലയും ചുവപ്പുമാക്കി. രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം പൊലീസ് അസോസിയേഷന്‍ സിന്ദാബാദ് എന്നും ആക്കി മാറ്റിയിരുന്നു.

എന്നാല്‍ പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റം സ്വാഭാവികം മാത്രമെന്നായിരുന്നു  പോലീസ് അസോസിയേഷന്‍ വ്യക്തമാക്കിയത്.