മുംബൈ ആക്രമണത്തില്‍ പാകിസ്താനു പങ്ക്: തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് നവാസ് ശരീഫ്

കറാച്ചി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക് തീവ്രവാദികളാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. തന്റെ വാക്കുകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാക് മാധ്യമമായ ‘ഡോണി’നു നല്‍കിയ അഭിമുഖത്തിലായിരുന്നു ശരീഫിന്റെ വിവാദപരമായ വെളിപ്പെടുത്തല്‍. പാകിസ്താനില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭീകരസംഘടനകളും സര്‍ക്കാരിതര വൃത്തങ്ങളും കുറ്റകൃത്യത്തിന് ഉത്തരവാദികളാണന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘നവാസ് ശരീഫിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അറിഞ്ഞോ അറിയാതെയോ പാക് മീഡിയകളും ഇതില്‍ ഭാഗവാക്കിയി’- അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

‘ഭീകരവാദ സംഘങ്ങള്‍ പാകിസ്താനില്‍ സജീവമാണ്. അവരെ സര്‍ക്കാരിതര അഭിനേതാക്കള്‍ എന്നു വിളിക്കാം. ഇവരെ അതിര്‍ത്തി കടന്ന് മുംബൈയിലെത്തി 150 പേരുടെ ജീവനെടുക്കാന്‍ നാം അനുവദിക്കുമോ?’അഭിമുഖത്തില്‍ ശരീഫ് ചോദിച്ചു. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെയും മസ്ഊദ് അസ്ഹറിന്റെയും കീഴിലുള്ള ഭീകരസംഘങ്ങളായ ജമാഅത്തുദ്ദഅ്‌വ, ജയ്‌ഷെ മുഹമ്മദ് എന്നിവയിലേക്കു സൂചന നല്‍കുന്നതായിരുന്നു ശരീഫിന്റെ പ്രസ്താവന. റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയില്‍ നടക്കുന്ന മുംബൈ ആക്രമണ കേസ് എന്തുകൊണ്ട് നിലച്ചുവെന്നും ശരീഫ് ചോദിച്ചു. ‘എന്തു കൊണ്ട് കേസില്‍ നമുക്ക് വിചാരണ പൂര്‍ത്തിയാക്കാനാകുന്നില്ല? ഇത് തീര്‍ത്തും അസ്വീകാര്യമാണ്. ഭീകരര്‍ക്കു വേണ്ടി അതിര്‍ത്തി തുറന്നുകൊടുക്കുന്നതിനെതിരാണു നാം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇക്കാര്യം വ്യക്തമാക്കിയതാണ്.

രണ്ടോ മൂന്നോ സമാന്തര ഭരണകൂടങ്ങള്‍ രാജ്യത്തുള്ളപ്പോള്‍ നിങ്ങള്‍ക്ക് ഭരണം തുടരാനാകില്ല. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. ഭരണഘടനാപരമായ സാധുതയുള്ള ഒരേയൊരു സര്‍ക്കാരേ രാജ്യത്തുണ്ടാകാന്‍ പാടുള്ളൂ. ‘ശരീഫ് രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു.

2008 നവംബര്‍ 26നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണ പരമ്പര മുംബൈയില്‍ നടന്നത്. നൂറുകണക്കിനു പേരുടെ ജീവനെടുത്തതിനു പുറമെ 327 പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കറാച്ചിയില്‍നിന്ന് മുംബൈ വഴി കടല്‍മാര്‍ഗമാണ് ഭീകരര്‍ എത്തിയത്.