പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

ലാഹോര്‍: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ ലാഹോര്‍ ഹൈക്കോടതിയില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്തു. 2008 മുംബൈ ആക്രമണത്തില്‍ പാക് ബന്ധമുണ്ടെന്ന പരാമര്‍ശത്തിനാണ് അദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്ത്.

പാകിസ്താന്‍ അവാമി തെഹ്‌രീകിനെ പ്രതിനിധീകരിച്ച് ലാഹോര്‍ ഹൈക്കോടതി അഭിഭാഷകന്‍ അഫ്താബ് വിര്‍കാണ് ഹരജി സമര്‍പ്പിച്ചത്. രാജ്യത്തിന്റെ പ്രതിഛായക്ക് കോട്ടം തട്ടുന്ന സുരക്ഷയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചു എന്ന് പേരിലാണ് കേസ്.

പാകിസ്താനില്‍ ഭീകരവാദസംഘടനകള്‍ സജീവമാണെന്നും, 2008 മുംബൈ ആക്രമണത്തിന് അതിര്‍ത്തി കടക്കാന്‍ തീവ്രവാദികളെ പാകിസ്താന്‍ സഹായിച്ചു എന്നീ പരാമര്‍ശങ്ങള്‍ ശനിയാഴ്ചയാണ് നവാസ് ഷരീഫ് ഒരു അഭിമുഖസംഭാഷണത്തില്‍ പറഞ്ഞത്.

നവാസ് ഷരീഫിനെതിരെ വളരെ പെട്ടന്നു തന്നെ നടപടിയെടുക്കണമെന്നും ഹരജിയിലുണ്ട്. പാക് അഭ്യന്തര മന്ത്രി അഷാന്‍ ഇക്ബാലിനെയും ഹരജിയില്‍ പ്രതിയായി ചേര്‍ത്തിട്ടുണ്ട്.