മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 4,343 കോടി രൂപ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിനകം പരസ്യത്തിനായി ചെലവഴിച്ചത് 4,343.26 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇതു വ്യക്തമാക്കുന്നത്. പ്രിന്റ്, ഇലക്ട്രോണിക് മാധ്യമം, ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍ എന്നിവയിലൂടെ പരസ്യങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഇത്ര തുക ചെലവഴിച്ചത്.

പ്രിന്റ് മീഡിയയില്‍ 2014 ജൂണ്‍ ഒന്നു മുതല്‍ 2017 ഡിസംബര്‍ ഏഴു വരെ ചെലവഴിച്ചത് 1732.15 കോടി രൂപയാണ്. ഇലക്ട്രോണിക് മീഡിയയിലൂടെ 2079.87 കോടി രൂപയും 531.24 കോടി രൂപ ഔട്ട്‌ഡോള്‍ പബ്ലിസിറ്റിക്കു വേണ്ടിയും ചെലവഴിച്ചു.

പത്രങ്ങള്‍, മാഗസിനുകള്‍ ഉള്‍പ്പെടുന്നതാണ് പ്രിന്റ് മീഡിയ. ടി.വി, ഇന്റര്‍നെറ്റ്, റേഡിയോ, ഡിജിറ്റല്‍ സിനിമ, എസ്.എം.എസ് എന്നിവയാണ് ഇലക്ട്രോണിക് മീഡിയ. പോസ്റ്റര്‍, ബാനര്‍, ഡിജിറ്റല്‍ പാനല്‍, ഹോര്‍ഡിങ്‌സ്, റെയില്‍വ്വേ ടിക്കറ്റ് തുടങ്ങിയവ ഔട്ട്‌ഡോറിലും പെടുന്നു.