പുതിയ കരുനീക്കങ്ങളുമായി ബിജെപി; ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ ജാവഡേക്കര്‍

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി പ്രഖ്യാപനം. ജനം ആഗ്രഹിക്കുന്നത് അതാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ബംഗളൂരുവില്‍ പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെ ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ പ്രകാശ് ജാവഡേക്കറെത്തിയിട്ടുണ്ട്. എന്നാല്‍ സഖ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന നിലപാടാണ് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടേത്.

അതിനിടെ, കൂറുമാറാന്‍ ബിജെപി മന്ത്രിപദം വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എംഎല്‍എ എ.എല്‍. പാട്ടീല്‍ അറിയിച്ചു. അതേസമയം, ചാക്കിടല്‍ ശ്രമം ബിജെപി മറച്ചുവയ്ക്കുന്നുമില്ല. കോണ്‍ഗ്രസ് – ജെ!-ഡിഎസ് സഖ്യം തകര്‍ക്കാന്‍ ബെള്ളാരിയിലെ റെഡ്ഡി സഹോദരങ്ങളുടെ ഉറ്റ അനുയായി ശ്രീരാമുലുവിനെയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍നിന്നു പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗവര്‍ണറുടെ തീരുമാനം എതിരായാല്‍ നിയമനടപടിയെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ബിജെപി അതിരുകടന്നാല്‍ നോക്കിയിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും വ്യക്തമാക്കി.