കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തകര്‍ക്കാന്‍ ബിജെപി; നാല് എംഎല്‍എമാരെ ബന്ധപ്പെടാനാകാതെ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം തകര്‍ക്കാന്‍ ബിജെപി കരുനീക്കം തുടങ്ങി. 37 സീറ്റ് മാത്രമുള്ള ജെ ഡി എസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ ചുവടുനീക്കമാണിത്. ശ്രീരാമുലുവിനാണ് അതിന്റെ ചുമതല. നാല് എംഎല്‍എമാരെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ബിജെപി നേതാക്കള്‍ വിളിച്ചതായി അരമഗൗഡ പറഞ്ഞു. മന്ത്രിയാക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാരെ ബന്ധപ്പെടുന്നുണ്ടെന്ന് കെ.എസ്.ഈശ്വരപ്പയും പറഞ്ഞു. ജെഡിഎസിലെ ഒന്‍പത് എം എല്‍ എമാരെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള നീക്കമാണ് അമിത്ഷായുടെ നേതൃത്വത്തില്‍ നടത്തുന്നത്.

അതിനിടെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്തെത്തി. ബിജെപി പണം വാഗ്ദാനം ചെയ്‌തെന്നാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം ഒരു സ്വതന്ത്ര നിയമസഭാംഗം ബിജെപി പക്ഷത്തേക്കെത്തി. സ്വതന്ത്ര എംഎല്‍എ ആര്‍.ശങ്കര്‍ യെദ്യൂരപ്പയെ വീട്ടിലെത്തി കാണുകയും ചെയ്തു. ബിജെപി നേതാവ് കെ.എസ്.ഈശ്വരപ്പയ്ക്ക് ഒപ്പമാണ് എത്തിയത്.

ജെഡിഎസുമായി സഖ്യം ചേരാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് മുന് അധ്യക്ഷ സോണിയാ ഗാന്ധി അറിയിച്ചിരുന്നത്.കോണ്‍ഗ്രസിന്റെ പിന്തുണ ജെഡിഎസ് നേതാവ് കുമാരസ്വാമി സ്വീകരിക്കുകയും ചെയ്തു. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപി അതിരുകടന്നാല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

ഒന്‍പത് ജെ.ഡി.എസ് എം.എല്‍.എമാരെ ബി.ജെ.പി മറുകണ്ടം ചാടിച്ചേക്കുമെന്നാണ് സൂചന. ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോണ്‍ഗ്രസിനെ മറികടന്ന് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഗോവയില്‍ ബി.ജെ.പി പയറ്റിയ അതേ തന്ത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കര്‍ണാടകയില്‍ പയറ്റാനോരുങ്ങുന്നത്.