പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അണികളില്‍ പ്രതിഷേധം

തളിപ്പറമ്പ്: വയല്‍ക്കിളികള്‍ക്ക് അനുകൂലമായ പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കീഴാറ്റൂരില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ രൂക്ഷമായ പ്രതിഷേധം ഉയരുന്നതായി സൂചന. കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികളെ പാര്‍ട്ടി ശത്രുക്കളെ പോലെ ഒറ്റപ്പെടുത്തേണ്ടതില്ലെന്നു സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അണികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

ആദ്യ ഘട്ടത്തില്‍ ബൈപാസിനെതിരേ സമരം ചെയ്ത കീഴാറ്റൂരിലെ പാര്‍ട്ടി നേതാക്കളും അംഗങ്ങളും പിന്നീട് പാര്‍ട്ടി തീരുമാനം ശിരസാവഹിച്ച് ബൈപാസിനെ അനുകൂലിച്ച് നിലപാടെടുത്തിരുന്നു. ബൈപാസ് വിഷയത്തില്‍ സി.പി.എമ്മിനെതിരേ ആര്‍.എസ്.എസുമായി കൂട്ടുചേര്‍ന്ന് പാര്‍ട്ടിയെ നിരന്തരം സമ്മര്‍ദത്തിലാക്കുന്ന സുരേഷ് കീഴാറ്റൂരിനെ ജയരാജന്‍ അനുകൂലിച്ചതാണു പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. കീഴാറ്റൂരിലെ മൂന്നു ബ്രാഞ്ച് സെക്രട്ടറിമാര്‍ ഇതില്‍ പ്രതിഷേധിച്ച് രാജി ഭീഷണി ഉയര്‍ത്തിയെന്നാണു സൂചന.
സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിലെത്തിയാണു കീഴാറ്റൂരിലെ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്. വയല്‍കിളികളെ ഒറ്റപ്പെടുത്തരുതെന്നു ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇവര്‍ പറഞ്ഞതായാണു വിവരം. വയല്‍ക്കിളികളെ വച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ടി വരുമെന്ന മുന്നറിയിപ്പ് ഏരിയാ സെക്രട്ടറിക്കു നല്‍കിയതായും സൂചനയുണ്ട്.

വയല്‍ക്കിളികളും സി.പി.എം സൈബര്‍ പോരാളികളും തമ്മില്‍ മാസങ്ങളായി ഫെയ്‌സ്ബുക്കില്‍ ഏറ്റുമുട്ടല്‍ നടത്തുന്നുണ്ട്. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വന്നതോടെ വയല്‍ക്കിളികള്‍ക്കെതിരേ ഒന്നും പറയാന്‍ കഴിയാത്ത സാഹചര്യമാണു നിലവില്‍ പാര്‍ട്ടി അണികള്‍ക്കുള്ളത്.