ഗുജറാത്തില്‍ ദലിത് യുവാവിനെ അടിച്ചുകൊന്നു; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്; ഗുജറാത്ത് ദലിതര്‍ക്ക് സുരക്ഷിതമല്ലെന്ന് മേവാനി

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ കെട്ടിയിട്ട് തല്ലിക്കൊന്നു. രാജ്‌കോട്ടിലാണ് സംഭവം. മുകേഷ് വാണിയ എന്നയാളാണ് കൊല്ലപ്പെട്ടത്.ഇയാളെ കെട്ടിയിട്ട് വടികൊണ്ടു മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ടുപേര്‍ ചേര്‍ന്നാണ് മുകേഷിനെ മര്‍ദിക്കുന്നത്. മുകേഷ് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.

മുകേഷിന്റെ ഭാര്യക്കും മര്‍ദനമേറ്റതായി ആരോപണം ഉയര്‍ന്നിട്ടുണ്ടെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഫാക്ടറി ഉടമയുടെ നിര്‍ദേശപ്രകാരമാണ് മുകേഷിനെ മര്‍ദിച്ചതെന്നാണ് പോലീസില്‍ ലഭിച്ച പരാതിയില്‍ പറയുന്നത്. മുകേഷിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഗുജറാത്തില്‍നിന്നുള്ള ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.ദളിതുകള്‍ക്ക് ഗുജറാത്ത് സുരക്ഷിതമല്ലെന്ന ഹാഷ് ടാഗോടെയാണ് ജിഗ്‌നേഷ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. അഞ്ചു പേരെ പിടികൂടി ചോദ്യം ചെയ്യുകയാണ്. ഗുജറാത്തിലെ ഉനയില്‍ 2016ല്‍ നാലു ദലിതരെ നഗ്‌നരാക്കി മര്‍ദിച്ചതു വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പശുവിന്റെ തോലുരിഞ്ഞു വിറ്റുവെന്നാരോപിച്ചാണു ഗോസംരക്ഷകരെന്നു പറയുന്നവര്‍ നാലു പേരെ മര്‍ദിച്ചത്. ഉന സംഭവത്തേക്കാള്‍ ഭീകരമാണു രാജ്‌കോട്ടിലെ മര്‍ദനമെന്നും മേവാനി സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ കുറിച്ചു. ‘ഉനയില്‍ നിരപരാധികളെ മറ്റുള്ളവര്‍ക്കു മുന്നിലിട്ട് മര്‍ദിച്ച് നാണം കെടുത്തുകയാണുണ്ടായത്. എന്നാല്‍ ഇവിടെ ജാതിയുടെ പേരിലുള്ള ആക്രമണത്തില്‍ ഒരാള്‍ക്കു ജീവന്‍ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പഴയകാല തെറ്റുകളില്‍ നിന്നു ഗുജറാത്ത് സര്‍ക്കാര്‍ ഇനിയും പാഠം പഠിച്ചിട്ടില്ല…’ മേവാനി കുറിച്ചു.