തമിഴ്‌നാട്ടിലും നിപ്പയെന്ന് സംശയം; ഒരാള്‍ ചികില്‍സയില്‍; ഇയാള്‍ കേരളത്തില്‍ റോഡ് പണിക്കെത്തിയിരുന്നു; 40 പേര്‍ നിരീക്ഷണത്തില്‍

കേരളത്തെ പിടിച്ചുകുലുക്കിയ നിപ്പ ഭീതി തമിഴ്‌നാട്ടിലേക്കും. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ ഒരാള്‍ക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി പെരിയസാമി (40) ആണ് ചികില്‍സയിലുള്ളത്. പെരിയസ്വാമി കേരളത്തില്‍ റോഡുപണിക്ക് എത്തിയിരുന്നുവെന്ന് അധികൃതര്‍ വിശദീകരിച്ചു. നിപ്പ ഭീതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കിയിരുന്നു. അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ക്ക് സമീപം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ പരിശോധനാകേന്ദ്രങ്ങള്‍ തുറന്നു. ആദ്യനടപടിയായി പതിനഞ്ച് ദിവസത്തേക്ക് പരിശോധന നടത്താനാണ് തീരുമാനം.

പെരിയാമി ഉള്‍പ്പെട 40 തമിഴ്നാട് സ്വദേശികളാണ് കേരളത്തില്‍ റോഡ് പണിക്ക് എത്തിയത്. ഇവരെ രക്ത പരിശോധനയ്ക്ക് വിധേയമാക്കിയതായി തിരുച്ചി സര്‍ക്കാര്‍ ആശുപത്രി ഡീന്‍ അനിത അറിയിച്ചു.

അതേസമയം കേരളത്തിലെ നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലുകളില്‍ നിന്നാണോയെന്ന് ഇന്നറിയാം. ഭോപ്പാലിലെ അതിസുരക്ഷാലാബില്‍ നിന്നുള്ള പരിശോധന ഫലം ഇന്നുലഭിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ഉച്ചയ്ക്കുശേഷം കലക്ടറേറ്റില്‍ ചേരും.

കര്‍ണാടകയില്‍ രണ്ടുപേര്‍ക്ക് നിപ്പാ വൈറസ് ബാധയെന്ന സംശയം ഇന്നലെ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് രണ്ടുപേരെ വൈറസ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ 15 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അയല്‍സംസ്ഥാനങ്ങളിലേക്കും നിപ്പ പടര്‍ന്നോ എന്ന സംശയമുയരുന്നത്.

കര്‍ണാടകയിലെ മംഗളൂരില്‍ 75 വയസ്സുകാരനും 20 വയസ്സുകാരിക്കുമാണ് വൈറസ് ബാധയേറ്റെന്ന സംശയമുയരുന്നത്. ഇരുവരും കേരളത്തിലെത്തിയിരുന്നുവെന്നാണ് വിവരം. വൈറസ് ബാധിച്ച ആളുകളുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നുവെന്നും സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധന്‍ ബി വി രാജേഷ് പറയുന്നു. ഇരുവര്‍ക്കും ഇതുവരെ നിപ്പ സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ പേടിക്കേണ്ട സാഹചര്യമില്ല. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്,രാജേഷ് പറഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇരുവരുടെയും രക്തസാംപിളുകള്‍ വിദഗ്ധ പരിശോധനക്കായി മണിപ്പാല്‍ ഗവേഷണകേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്.