സ്‌കൂളിലെ ടോപ്പറായിരുന്ന ജയലളിത ആഗ്രഹിച്ചത് അഭിഭാഷകയാകാന്‍

A 1957 class photograph of Tamil Nadu Chief Minister Jayalalithaa (sitting on the ground extreme right) taken when she was in the fourth grade of Bishop Cotton Girls High School, in Bangalore. Photo courtesy: EGK & Son Studio, Bangalore
ചെന്നൈ: ജയലളിതയുടെ സിനിമയും രാഷ്ട്രീയവുമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും ഇപ്പോള്‍ ചെയ്യുന്നതും. എന്നാല്‍ സ്കൂള്‍ വിദ്യാഭ്യാസ കാലമായിരുന്നു ജയലളിതയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. ‘ ഏറ്റവും സന്തോഷകരമായ കാലം’ എന്നാണ് ജയലളിത ഒരഭിമുഖത്തില്‍ പറഞ്ഞത്. ചെന്നൈയിലെ സേക്രട്ട് ഹാര്‍ട്ട് മെട്രിക്കുലേഷന്‍ സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജയലളിത. മെട്രിക്കുലേഷന്‍ പരീക്ഷയില്‍ (പത്താംക്ലാസ്) സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതും മറ്റാരുമല്ല. അക്കാദമിക് മികവിന് സ്‌കോളര്‍ഷിപ്പും വിദ്യാര്‍ത്ഥിയായ ജയയ്ക്ക് ലഭിച്ചിരുന്നു.
jaya
നാലാം ക്ലാസ് വരെ ബംഗലൂരുവിലെ ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് ഹൈസ് സ്‌കൂളിലാണ് ജയലളിത പഠിച്ചത്. പത്ത് വയസായപ്പോള്‍ കുടുംബം ചെന്നൈയിലേക്ക് ചേക്കേറുകയായിരുന്നു. മെട്രിക്കുലേഷന്‍ പഠനത്തിന് ശേഷം നിയമം പഠിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്ന് 1990ല്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ജയലളിത വ്യക്തമാക്കിയിരുന്നു. സിനിമ താല്‍പര്യമേ ഇല്ലായിരുന്നു. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അഭിനയത്തിലേക്ക് വന്നത്. തന്റെ അധ്യാപകരെ മുഖ്യമന്ത്രിയായ ശേഷവും ജയലളിത മറന്നില്ല. സിസ്റ്റര്‍ ക്ലാരയും കാതറിന്‍ സൈമണും ആയിരുന്നു ഏറ്റവും പ്രിയപ്പെട്ട അധ്യാപികമാര്‍. ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ സെക്രട്ട് ഹാര്‍ട്ടിലെ ടീച്ചര്‍മാരായിരുന്ന രണ്ട് പേരെയും ജയലളിത സത്യപ്രതിഞ്ജയ്ക്ക് ക്ഷണിച്ചു. അവര്‍ക്ക് അത് വലിയ അത്ഭുതമായിരുന്നു. കാരണം ജയയുമായി അങ്ങനെ വലിയ കോണ്‍ടാക്ട് ഇല്ലാത്ത കാലമായിരുന്നു അത്.
jayalalitha-shooting-spot-still
ഇക്കഴിഞ്ഞ ജൂണിലാണ് കാതറിന്‍ സൈമണ്‍(88) അന്തരിച്ചത്. ആ സമയത്ത് ജയലളിത അനുശോചനം അറിയിച്ചിരുന്നു. ‘ എന്റെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു കാതറില്‍ സൈമണ്‍ എന്ന ഫിസിക്കല്‍ ട്രെയിനിംഗ് ടീച്ചര്‍. അധ്യാപികയും വിദ്യാര്‍ത്ഥിയും എന്നതിനേക്കളും നല്ല ബന്ധം ഞങ്ങളിരുവരും കാത്തു സൂക്ഷിച്ചു. 1958 മുതല്‍ 64 വരെ ടീച്ചറുടെ സ്റ്റുഡന്റാകാന്‍ ഭാഗ്യം ലഭിച്ചു’ എന്നും അനുശോചന കുറിപ്പില്‍ പറഞ്ഞിരുന്നു. ‘ ആയിരത്തില്‍ ഒരുവന്‍ കണ്ടിട്ട് കാതറിന്‍ സൈമണ്‍ കത്തെഴുതിയിരുന്നു. എന്റെ ഡാന്‍സ് വളരെ മനോഹരമായിരുന്നെന്ന് അതില്‍ പറഞ്ഞിരുന്നു’ അഭിനയത്തിന്റെ തുടക്കകാലത്ത് കുമുദത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയലളിത ഓര്‍മിച്ചിരുന്നു.