കെവിന്റെ മരണം: പ്രതിഷേധവുമായി കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍

കോട്ടയം:പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്-ബിജെപി  പ്രവര്‍ത്തകര്‍. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. തിരുവഞ്ചൂരും ചെന്നിത്തലയും കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

യുവമോര്‍ച്ച, സിഎസ്ഡിഎസ്, എഐവൈഎഫ്, എസ്ഡിപിഐ തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനുമുന്നിലെത്തിയിട്ടുണ്ട്.മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

പ്രതികളെ പിടികൂടുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഗാന്ധിനഗര്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് പറഞ്ഞാല്‍ മാത്രം പോരാ അതിന്റെ ഉത്തരവ് കാണാതെ ഇവിടെ നിന്ന് എഴുന്നേല്‍ക്കില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

കേസിലെ പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞിട്ടുണ്ട്. വാഹനവുമായി പോയ നിയാസ് ഡിവൈഎഫ്‌ഐ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്. ഇന്ന് പിടിയിലായ നിഷാലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്.

കെവിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് കണ്ടത്. കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണു നിഗമനം.