കെവിന്റെ കൊലപാതകം; പരോക്ഷമായി കൂട്ട് നിന്ന പൊലീസുകാരും കൂട്ടുപ്രതികളെന്ന് എ.കെ. ആന്റണി

തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തില്‍ പൊലീസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി രംഗത്ത്. കൊല നടത്തിയ പ്രതികള്‍ മാത്രമല്ല പരോക്ഷമായി കൂട്ട് നിന്ന പൊലീസുകാരും കൂട്ടുപ്രതികളാണെന്നാണ് അദ്ദേഹം പറയുന്നത്.

ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന കേരളം ഇരുട്ടിന്റെ കാലഘട്ടത്തിലേക്കാണ് പോകുന്നതെന്നും, കെവിന്റെ കൊലപാതകത്തില്‍ കേരളം ലജ്ജിച്ച് തല താഴ്ത്തണമെന്നും, സര്‍ക്കാര്‍ സമീപനം ആശങ്കാജനകമാണെന്നും ആന്റണി വ്യക്തമാക്കി.

കെവിന്‍ വധക്കേസില്‍ 14 പേരെ പ്രതികളാക്കിയതായി പൊലീസ് അറിയിച്ചു. കെവിനെ കടത്തിക്കൊണ്ടു പോയ സംഘത്തില്‍ ഉള്‍പ്പെട്ട 13 പേര്‍ കൂടാതെ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന നീനയുടെ പിതാവ് ചാക്കോയേയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.