കെവിനെ കൊന്ന ആനയുടെ കഥ!

ബിജു നായർ
കെവിൻ എന്ന ദളിത യുവാവിന്റെ നിഷ്ഠൂര കൊലപാതകം നമ്മളെയെല്ലാം ഒന്നടങ്കം ഞെട്ടിക്കുന്നു. അതിലേക്ക് വഴിവച്ച പോലീസിന്റെ അനാസ്ഥ നമ്മുടെയെല്ലാം മനസ്സ് മരവിപ്പിക്കുന്നു. എല്ലാം ഒരു സഹജീവിയെ പ്രണയിച്ചെന്ന നിർദ്ദോഷമായ ചെയ്തിക്കുള്ള ദുരഭിമാന പ്രതികാരമായി.

കെവിനെക്കുറിച്ചും, കെവിന്റെ വിധവ നീനുവിനെക്കുറിച്ചും കാണ്ഡം കാണ്ഡമായി എഴുതിക്കഴിഞ്ഞു ഫേസ്ബുക്കിലെ എഴുത്ത് കാര്.

മലയാളികൾക്ക് നഷ്ടപെടുന്ന സഹാനുഭൂതിയെ കുറിച്ച്, അത് തിരിച്ച് പിടിക്കേണ്ട മാനവികമായ ആവശ്യകതയെക്കുറിച്ച്, കളക്ടർ ബ്രോ എഴുതി.

പ്രേമത്തോടുള്ള മലയാളികളുടെ പിന്തിരിപ്പൻ മനോഭാവത്തെക്കുറിച്ച്, ആ ചിന്താഗതി കാലാനുസൃതമായി പൊളിച്ചെഴുതേണ്ട അനിവാര്യതയെ കുറിച്ച്, എന്റെ തുമ്മാരുകുടി ഗുരു എഴുതി.

ഇതെല്ലാം അക്ഷരംപ്രതി ശരിയാണ് താനും.

പക്ഷേ ഇതിനെക്കാളൊക്കെ എത്രയോ ഉപരിയായി, വലിയൊരു തെറ്റ് നടമാടുന്നുണ്ട്, നമ്മുടെ ഈ കൊച്ച് കേരളനാട്ടിൽ. ആ തെറ്റിനെ കുറിച്ച് മാത്രം ആരും ഒന്നും പറഞ്ഞ് കണ്ടില്ല.

കീറാമുട്ടിയായ പ്രശ്നങ്ങളെ അവലോകനം ചെയ്യുമ്പോൾ സായിപ്പന്മാർ സാധാരണ ഉപയോഗിക്കുന്ന ഒരു പദപ്രയോഗമുണ്ട്. ”Elephant in the Room”, എന്ന്.

അതായത്, നമ്മുടെ വീട്ടിനകത്ത് ഒരു ആന കേറി മേഞ്ഞ് നടക്കുമ്പോൾ, പിന്നെ നമ്മള് കിടക്കപ്പായ കിഴക്കോട്ട് വിരിക്കുന്നതാണോ, അതോ തെക്കോട്ടെടുക്കുന്നതാണോ ആയുരാരോഗ്യ സൗഖ്യത്തിന് നല്ലത് എന്നൊക്കെ ചർച്ചിച്ചിരിക്കുന്നതിൽ യാതൊരുവിധ കാര്യവുമില്ലെന്നാണ് ബുദ്ധിരാക്ഷസന്മാരായ അവരുടെ വിദഗ്ദ്ധ അഭിപ്രായം.

ങ്ങേ, കേരളത്തിനകത്തും ഒരാനയോ? അതേതാന? പറയാം.

മനുഷ്യർ, അതിപ്പോ മലയാളികളാകട്ടെ, മിസോറാമികളാകട്ടെ, എല്ലാവരും ഒന്ന് പോലെ നല്ലവരല്ല, എന്നുള്ള ലോകസത്യം നമുക്കെല്ലാവർക്കും നന്നായറിയാം.

സർവ്വചരാചരങ്ങളെയും സ്നേഹിക്കുന്ന കളക്ടർ ബ്രോ തൊട്ട്, ഇഷ്ടമില്ലാത്തവരെ ഫേസ്ബുക്കിലിട്ട് കൊഞ്ഞനം കുത്തി കാണിക്കുന്ന നമ്മളെപോലുള്ളവരും, എതിർപ്പുള്ളവരെ തെരുവിലിട്ട് വെട്ടിക്കൊല്ലുന്ന വാടക ഗുണ്ടകളുമൊക്കെ അടങ്ങിയ ഒരു സമ്മിശ്ര സഞ്ചയനമാണ് മനുഷ്യ സമൂഹം.

അത് കൊണ്ടാണ് നമ്മള് ഇല്ലാത്ത പൈസയൊക്കെ കൊടുത്ത് പോലിസിനേയും, പട്ടാളത്തേയും, കോടതിയേയുമൊക്കെ വച്ചിരിക്കുന്നത്.

ഇതൊക്കെ കേരളത്തിൽ വളരെയധികം പ്രവർത്തന സജ്ജമാണ് താനും.

പക്ഷേ ഈ കമ്പ്യൂട്ടറൊക്കെ പഠിച്ചിട്ടുള്ളവർക്കറിയാം, എത്ര നല്ല പൊളപ്പൻ സാധനമാണെങ്കിലും, ചെറിയൊരു വൈറസ് കേറിയാ മതി, എല്ലാം തകിടം മറിയാൻ.

അങ്ങനെ നമ്മുടെ ഭരണ സംവിധാന വ്യവസ്ഥയെയും ക്രമസമാധാന പാലന സജ്ജീകരണങ്ങളേയും, അകമേ നിന്ന് കാർന്ന് തിന്ന് കൊണ്ടിരിക്കുന്ന ഒരു വൈറസാണ് നമ്മുടെ കഥയിലേയും വില്ലൻ.

ലോകത്തെമ്പാടുമുള്ള പരിഷ്കൃത സമൂഹം ഈ വൈറസിനെതിരേ പ്രതിരോധകുത്തിവയ്പ്പുകൾ എടുത്ത് കഴിഞ്ഞു. പാടേ തൂത്തെറിഞ്ഞ് കഴിഞ്ഞു. പടിയടച്ച് പിണ്ഡം വച്ച് കഴിഞ്ഞു.

പക്ഷേ ഇന്നും മലയാളികളുടെ നെഞ്ചിൽ ചെറിയൊരു കനലായി എരിഞ്ഞ് കൊണ്ടിരിക്കുന്നു, ഈ വൈറസ്. അവരെ നാൾക്കുനാൾ നൊമ്പരപ്പെടുത്തി കൊണ്ടിരിക്കുന്നു. അവരെ പരിഷ്കൃതസമൂഹത്തിന് മുന്നിൽ നാണം കെടുത്തി കൊണ്ടിരിക്കുന്നു.

സാധാരണ മനുഷ്യ ശരീരത്തിൽ കയറിപ്പറ്റുന്ന രോഗാണുക്കൾ, ശരീരത്തിന്റെ നൈസര്ഗ്ഗികമായ പ്രതിരോധ ശക്തിയെ ചില തരികിട പരിപാടികളിലൂടെ ദുർബലപ്പെടുത്തിയാണ്, സർവ്വാധിപത്യം സ്ഥാപിക്കുന്നത്.

നമ്മുടെ വൈറസിന്റെ കാര്യത്തിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. പാവപ്പെട്ടവരുടെയും പാർശ്വവൽകൃതരുടെയും കണ്ണീരൊപ്പുന്ന പുരോഗമന രാഷ്ട്രീയപ്രസ്ഥാനമാണ് തങ്ങളെന്നൊക്കെയുള്ള ഗീർവ്വാണമൊക്കെ മുഴക്കിയാണ് ഈ വൈറസ് കൃത്യമായി അഞ്ച് വർഷത്തിലൊരിക്കൽ സ്വതവേ പച്ച പിടിച്ച് നിൽക്കുന്ന മലയാളി ശരീരത്തിലോട്ട് ഇടിച്ച് കയറാൻ ശ്രമിക്കുന്നത്. കൂടാതെ ‘എല്ലാം ശരിയാവും’ എന്നൊക്കെയുള്ള കേൾക്കാൻ ഇമ്പവും എന്നാൽ ഉള്ള് പൊള്ളയുമായ മുദ്രാവാക്യങ്ങളുടെ അകമ്പടിയുമൊക്കെ ഉണ്ടാവും.

“We will clean up your hard disk and improve your system performance. Do you want to install? Yes, No, Cancel.”

എന്നൊക്കെ പറഞ്ഞ് നൈസായി കടന്ന് വന്ന്, നമ്മുടെ സിസ്റ്റത്തിന്റെ കട്ടയും ബോർഡും മടക്കി, നമ്മുടെ കയ്യിലോട്ട് തരുന്ന, ചില ട്രോജൻ വൈറസുകളെ പോലെ.

പാവം നിർദ്ദോഷികളായ മലയാളികള്, ഏതോ ഒരു ദുർബ്ബല നിമിഷത്തില് ഈ ചപ്പടാച്ചികളെല്ലാം കേട്ട് ‘യെസ്’ എന്ന് ഞെക്കേം ചെയ്ത്.

പിന്നെ ഷുഹൈബായി, ശ്രീജിത്തായി, ഇപ്പൊ ദേ കെവിനും, എന്ന് വേണ്ട, ഇരുപത്തഞ്ചിലേറെ യുവത്വം തുളുമ്പി നിക്കുന്ന നമ്മുടെ സഹോദരങ്ങൾ ഈ ഈ മതേതര വൈറസിന് കീഴടങ്ങി കഴിഞ്ഞു. അകാല മരണം ഏറ്റ് വാങ്ങി കഴിഞ്ഞു.

ഈ വൈറസിന്റെ ഏറ്റവും വലിയ കുടിലതന്ത്രം, അത് തന്നെ അടവച്ച് വിരിയിച്ച് നാട്ടിലോട്ടിറക്കി വിടുന്ന കുഞ്ഞ് കുഞ്ഞ് വൈറസുകളാണ്. കേരളത്തിൽ മാത്രമേയുള്ളൂ എങ്കിലും കുട്ടികൾക്കുള്ള ഫെഡറേഷൻ ഓഫ് ഇന്ത്യ, യൂത്തന്മാർക്കുള്ള ഫെഡറേഷൻ ഓഫ് ഇന്ത്യ, എന്നിങ്ങനെ നാട്ടാരെ പറ്റിക്കാനായി പല പല പേരുകളിൽ, ഇവർ വിരിഞ്ഞിറങ്ങുന്നു. കൂട്ടിന് ഈ തൊഴിലാളി ഈച്ച എന്നൊക്കെ പറയുന്നത് പോലെ കൊറേ പണിയൊന്നുമെടുക്കാത്ത തൊഴിലാളി വൈറസുകളും.

പിന്നങ്ങോട്ട് ഇവരുടെ അഴിഞ്ഞാട്ടമായി. സ്വൈര്യമായി ഒന്ന് പ്രേമിക്കാനോ, രാഷ്ട്രീയ പ്രവർത്തനം നടത്താനോ, പുതിയൊരു സംരംഭം തുടങ്ങാനോ, എന്തിനേറെ സ്വന്തം കാശ് കൊടുത്ത് വാങ്ങിച്ച വീട്ടുസാമാനങ്ങൾ വീട്ടിലിറക്കി വച്ച് ഉപയോഗിക്കാനോ പോലും ഈ വൈറസിന്റെ പ്രവർത്തനം നമ്മളെ സമ്മതിക്കില്ല.

ഈ കന്നം തിരിവുകൾക്ക് കുടപിടിക്കാനായി, അധികാരത്തിന്റെ കുറുവടി കാണിച്ച് ഭയപ്പെടുത്തിയും, അഴിമതിയുടെ അപ്പക്കഷ്ണം കാണിച്ച് പ്രലോഭിപ്പിച്ചും, നമ്മുടെ ഭരണ സംവിധാന വ്യവസ്ഥയെയും ക്രമസമാധാന പാലന സജ്ജീകരണങ്ങളേയും, അവർ തീർത്തും നിർജ്ജീവമാക്കി വയ്ക്കുന്നു. നോക്കുകുത്തികളാക്കി മാറ്റുന്നു.

ഇപ്പൊ നിങ്ങളിൽ ചിലർക്കെങ്കിലും തോന്നാം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പല്ലേ ഈ പോസ്റ്റെന്ന്. തീർത്തും ന്യായമായ സംശയം.

അതിന്റെ തീർപ്പിലേക്കായി നമുക്ക് NCRB(National Crime Records Bureau) യുടെ സ്ഥിതിവിവര കണക്കുകളിലൂടെ ഒന്ന് കണ്ണോടിക്കാം.

അവര് പറയുന്നത്, ഓരോ ഒരു ലക്ഷം പേരിലും സംഭവിക്കുന്ന കൊലപാതകത്തിൽ, ഇന്ത്യയിൽ ഒന്നാമത് നിൽക്കുന്ന, ഒന്നിൽ താഴെ മാത്രം കൊലപാതകങ്ങൾ സംഭവിക്കുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. ഏറ്റവും മോശപ്പെട്ട് നിൽക്കുന്ന ജാർഖണ്ഡിലിത് നാലരയോളം വരും.

ഇവിടെയാണ് കേരളാ പോലീസിന്റെ കഴിവിലും കാര്യപ്രാപ്തിയിലും നമ്മള് ഊറ്റം കൊള്ളേണ്ടത്. നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനായി അവർ ഇന്ത്യയിലേക്ക് വച്ച് ഏറ്റവും മുൻപന്തിയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു.

പക്ഷേ രാഷ്ട്രീയ കൊലപാതകങ്ങളുടെ (കൊല്ലുന്നവർക്കോ കൊല്ലപ്പെടുന്നവർക്കോ രാഷ്ട്രീയബന്ധം ഉള്ളവയുടെ) കാര്യം വരുമ്പോൾ എല്ലാം കണക്കുകളും കീഴ്മേൽ മറിയും. സാധാരണ കൊലപാതകങ്ങളുടേയും രാഷ്ട്രീയ കൊലപാതകങ്ങളുടേയും അനുപാതം നോക്കിയാൽ നമുക്കിത് വളരെ പെട്ടെന്ന് തന്നെ മനസ്സിലാകും.

നമ്മളെല്ലാം പിന്നോക്കമെന്നും കുത്തഴിഞ്ഞതെന്നും വിശ്വസിക്കുന്ന ഉത്തർ പ്രദേശിൽ പോലും ഇത് വെറും 0.59 ആയിരിക്കുമ്പോൾ കേരളത്തിലേത് 4.9 ആണ്. അതെ. പിന്നെയും ഇന്ത്യയിലേക്കും വച്ച് ഏറ്റവും മുന്നിൽ. ഇത്തവണ നമ്മളെ എല്ലാവരേയും തല കുനിപ്പിച്ച് കൊണ്ട്.

അതായത് രാഷ്ട്രീയബന്ധം വരുന്നതോടെ നമ്മുടെ No.1 പോലീസ് സേനയ്ക്ക് കയ്യും കെട്ടി നോക്കി നിൽക്കേണ്ട സ്ഥിതിയാകുകയാണ്, സുഹൃത്തുക്കളേ . സ്ഥിതിയാകുകയാണ്.

അതേതാണാ ചീഞ്ഞളിഞ്ഞ രാഷ്ട്രീയബന്ധം എന്നറിയാൻ നമ്മള് കൂടുതല് തല പുണ്ണാക്കേണ്ട കാര്യമൊന്നുമില്ല.

കോൺഗ്രസ് നയിക്കുന്ന UDF സർക്കാര് ഭരിക്കുമ്പോൾ കേരളത്തിന്റെ ക്രമസമാധാന നിൽ ഇത്രത്തോളം വഷളാകുന്നില്ല എന്നുള്ള നഗ്നസത്യം മാത്രം ഒന്നോർത്തെടുത്താ മതി.

അപ്പം അത്രയേയുളളൂ കാര്യം.

ഈ സ്ഥിതി ഇനി അധിക നാൾ തുടർന്ന് പോകുകയാണെങ്കി കേരളത്തിന്റെ ഗതി അധോഗതിയാണെന്ന് മനസ്സിലാക്കുവാൻ നമ്മള് കയറുപിരിയിൽ ഡോക്ടറേറ്റ് എടുക്കേണ്ട കാര്യമൊന്നുമില്ല.

കാരണം, ഈ വൈറസുയർത്തുന്ന കൊടും വിപത്തിനെ നേരിട്ടെതിർക്കാനായി കേരള സമൂഹത്തിൽ നിന്ന്, രണ്ടും കല്പിച്ച് നട്ടെല്ല് നിവർത്തി മുന്നോട്ട് വരുന്ന ആന്റിബോഡികളെ, നിർലജ്ജം കടന്നാക്രമിക്കുകയും, സമൂഹമധ്യത്തിൽ തേജോവധം ചെയ്യകയും, കള്ളക്കേസുകളിൽ കുടുക്കുകയും, അമ്പത്തൊന്നും തൊണ്ണൂറ്റാറും വെട്ടു വെട്ടി തെരുവിൽ ചോര വാർന്ന് തീരാനായി വലിച്ചെറിയുകയുമൊക്കെ, ചെയ്യുന്നതാണ് ഈ വൈറസിന്റെ ലോകപ്രസിദ്ധമായ ആത്മസംരക്ഷണ ഉപാധികൾ.

എനിക്കതറിയാം. കാരണം എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ കേറി ഭാഷാശൈലിപരമായ ഒരു കംമെന്റ്റിട്ട എന്റെ ഒരു സഹചാരിക്ക്, അദ്ദേഹം ഉദ്ദേശിച്ച അർത്ഥം അറിഞ്ഞ് ഞാൻ കൊടുത്ത മറുപടിയെ വളച്ചൊടിച്ച് വധഭീഷണിയാക്കി, എന്റെ പേരിലും കള്ളക്കേസെടുക്കാൻ ശ്രമിച്ചതാണ്, ഈ വൈറസിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന, അധ്യാപികയെന്നറിയപെടുന്ന ഒരു പൊതു പ്രവർത്തക.

പക്ഷേ അതൊന്നും എന്നെ പോലുള്ളവരെ തെല്ലും ഭയപെടുത്തുന്നില്ല.

സത്യം വിളിച്ച് പറയാൻ തരിമ്പും പേടിക്കാത്ത ഒരു പാട് പേരുണ്ട്, ഇന്നത്തെ കേരളത്തിൽ. അവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ് താനും. അവരുടെ നാവടപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല.

ഈ വൈറസിനെ ഞങ്ങൾ തൂത്തെറിയുക തന്നെ ചെയ്യും.ഈ ആനയെ ഞങ്ങൾ പിടിച്ച് കെട്ടുക തന്നെ ചെയ്യും.

ജാതി മത രാഷ്ട്രീയ വകതിരിവുകളെ തൃണവല്ഗണിച്ച് മുന്നോട്ട് വരുന്ന നിങ്ങളുടെയേവരുടെയും സമ്പൂർണ പിന്തുണയോട് കൂടിയും സർവ്വ വിധ സഹകരണത്തോട് കൂടിയും മാത്രമേ ഞങ്ങൾക്കീ ഉദ്യമത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ എന്ന് ഞങ്ങൾക്ക് നന്നായറിയാം.

പക്ഷേ പരാജയം നമുക്ക് സ്വീകാര്യമല്ല!

ശ്രീനാരായണ ഗുരുവിന്റെയും, അയ്യങ്കാളിയുടെയും, ചട്ടമ്പി സ്വാമികളുടേയും നാടായ കേരളം പരാജയപ്പെടുവാൻ നമ്മൾ സമ്മതിച്ച് കൂടാ!.നമ്മുടെ നാടിന്റെ ഭരണം അന്യാധീനപ്പെട്ട് പോകാതിരിക്കാനായി നമുക്ക് കരുതിയിരിക്കാം! അതിലേക്കായി നമുക്ക് പ്രാർത്ഥിക്കാം! പ്രവർത്തിക്കാം!

കാരണം ഇന്നത്തെ നമ്മുടെ ഭരണമാണ്, നാളത്തെ നമ്മുടെ ഭാവി!