തെന്മലയില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന്‍ ഓടിരക്ഷപ്പെട്ടു; കണ്ടെത്താന്‍ പറ്റാതായതോടെ സംഘത്തിലുള്ളവര്‍ തിരികെ വന്നു: ഷാനുവിന്റെ മൊഴി പുറത്ത്

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഷാനുവിന്റെ മൊഴി പുറത്ത്. തെന്മലയില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന്‍ ഓടിരക്ഷപ്പെട്ടെന്നും കെവിന്റെ പുറകെ ഓടിയെങ്കിലും കണ്ടെത്താനായില്ലെന്നും ഷാനു പറയുന്നു. കണ്ടെത്താന്‍ പറ്റാതായതോടെ സംഘത്തിലുള്ളവര്‍ തിരികെ വന്നു. അനീഷിനെ കോട്ടയത്ത് ഇറക്കിവിട്ടെന്നും ഷാനു പറഞ്ഞു.

എന്നാല്‍, കോട്ടയം മുതല്‍ പുനലൂര്‍ വരെയുള്ള 95 കിലോമീറ്റര്‍ ദൂരവും കെവിനെ മര്‍ദിച്ചതായി കഴിഞ്ഞദിവസം പുനലൂരില്‍ അറസ്‌റ്റിലായ പ്രതികള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. കേസിലെ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനുവാണു മര്‍ദനത്തിനു നേതൃത്വം നല്‍കിയത്‌. മര്‍ദനമേറ്റു ബോധരഹിതനായി വീണ യുവാവിനെ ഷാനു ബൂട്ടിട്ട്‌ ചവിട്ടിയെന്നും കൂട്ടു പ്രതികളുടെ മൊഴിയിലുണ്ട്‌.

വലതുകണ്ണും പുരികവും അടിയേറ്റു കലങ്ങിയ നിലയിലായിരുന്നു. ഇടതു പുരികത്തിനു മുകളിലും മുറിവേറ്റിരുന്നു. മുഖത്തും താടിയിലും വീണ്‌ ഉരഞ്ഞതിനു സമാനമായ പാടുകളുണ്ട്‌. വാരിയെല്ലിനു സമീപത്തും കാല്‍മുട്ടിലും മുറിവേറ്റ പാടുകളുണ്ട്‌. ഒരേ സ്‌ഥലത്തു തന്നെ നിരന്തരം മര്‍ദനമേറ്റതിനു സമാനമായ പാടുകളാണ്‌ മൃതദേഹത്തിലുള്ളതെന്നു പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്‌തമാക്കിയിരുന്നു.

സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഇടമണ്‍ സ്വദേശികളായ റിയാസ്‌, നിയാസ്‌, ഇഷാന്‍ എന്നിവരെ പോലീസ്‌ തിങ്കളാഴ്‌ച പിടികൂടിയത്‌. ഇവരെ ചോദ്യം ചെയ്‌തതോടെയാണു സംഭവത്തിന്റെ യഥാര്‍ഥചിത്രം പുറത്തുവരുന്നത്‌. കെവിന്റെ മൃതദേഹം കിടന്ന സ്‌ഥലം കാട്ടിക്കൊടുത്തതും പ്രതിയായ റിയാസായിരുന്നു.ഒപ്പം തട്ടിക്കൊണ്ടു പോയ അനീഷ്‌ ഛര്‍ദിക്കണമെന്ന്‌ ആവശ്യപ്പെട്ടു കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന്‍ ഓടി രക്ഷപ്പെട്ടെന്നാണു പ്രതികള്‍ നല്‍കിയ മൊഴി.

ഇതിനിടെ, വെള്ളം നിറഞ്ഞ തോട്ടില്‍ വീണു മുങ്ങി മരിച്ചെന്നും ഇതേപ്പറ്റി തങ്ങള്‍ക്ക്‌ ഒന്നും അറിയില്ലെന്നും അവര്‍ അറിയിച്ചു. എന്നാല്‍, കെവിന്റെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത്‌ അരയ്‌ക്കൊപ്പം വെള്ളമേയുണ്ടായിരുന്നുള്ളൂ. ഇവിടെ മുങ്ങി മരിക്കാനുള്ള സാധ്യത വളരെ കുറവായതിനാല്‍ ഈ മൊഴി പോലീസ്‌ മുഖവിലയ്‌ക്കെടുത്തിട്ടില്ല.

അകെയുള്ള14 പ്രതികളിൽ 5 പേർ മാത്രമാണ് പിടിയിലായത്. സുഹൃത്തക്കളായ റെനീസ്, സലാദ്, ടിറ്റു, അപ്പു, ഷെഫിൻ എന്നിവരാണ് മുഖ്യ പ്രതികൾ. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചും ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും പല സംഘങ്ങളായി തിരയുകയാണ്.

കെവിന്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസും പ്രതികളും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായിട്ടുണ്ട്. ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവും കേസിലെ മുഖ്യപ്രതിയും കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളാണ് പുറത്ത് വന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 5.35നാണ് ഷാനുവിനോട് എ.എസ്.ഐ സംസാരിച്ചത്.

കെവിന്‍ തങ്ങളുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട കാര്യം ഷാനു എ.എസ്.ഐയോട് പറയുന്നത് സംഭാഷണങ്ങളിലുണ്ട്. എവിടെ വച്ചാണ് രക്ഷപ്പെട്ടതെന്ന എ.എസ്.ഐയുടെ ചോദ്യത്തിന് തനിക്കറിയില്ലെന്ന് ഷാനു മറുപടി നല്‍കി. താന്‍ വേറെ വണ്ടിയിലാണ് വന്നതെന്നും കെവിനൊപ്പം തട്ടിക്കൊണ്ടു പോയ ബന്ധു അനീഷിന് അറിയാമെന്നും പറഞ്ഞു. തുടര്‍ന്ന് അനീഷിനെ സുരക്ഷിതമായി പൊലീസിന്റെ കൈയില്‍ എത്തിക്കാമെന്നും പറഞ്ഞു. അനീഷിന്റെ വീട്ടില്‍ നശിപ്പിച്ച സാധനങ്ങളുടെ നഷ്ടപരിഹാരം നല്‍കാമെന്നും തന്റെ സഹോദരിയെ തിരിച്ചു വേണമെന്നും ഷാനു എ.എസ്.ഐയോട് പറഞ്ഞു.

സംഭാഷണത്തില്‍നിന്ന്:

ഷാനു : പറ സാറേ. കേട്ടോ, മറ്റവന്‍ (കെവിന്‍) നമ്മുടെ കൈയില്‍ നിന്ന് ചാടിപ്പോയി. അവന്‍ ഇപ്പോള്‍ അവിടെ വന്നു കാണും.

പൊലീസ് : അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.

ഷാനു: എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാന്‍ വേറെ വണ്ടീലാണ് വന്നത്. അതിവന് (കെവിന്റെ ബന്ധുഅനീഷിന്) അറിയാം. എന്റെ ഭാവി തുലയ്ക്കാന്‍ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ (നീനു) വേണം. പിന്നെ സാറിന്… ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങള്‍ പുള്ളിക്കാരനെ (അനീഷ്) സുരക്ഷിതമായി നിങ്ങടെ കൈയില്‍ എത്തിച്ചു തരാം.
ഓകെ? പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?

പൊലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകര്‍ത്തു.
ഷാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോണ്‍ടാക്‌ട് നമ്ബറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ.. കൊച്ചിനോടൊന്നു (നീനു) പറഞ്ഞു തിരിച്ചുതരാന്‍ പറ്റുവാണെങ്കില്‍… തരിക. ഞാന്‍ കാലു പിടിക്കാം.

പൊലീസ്: എന്നെക്കൊണ്ടാകുന്നതു ഞാന്‍ ചെയ്തു തരാം, സാനു.

ഷാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.

പൊലീസ് : എന്നെക്കൊണ്ടു പറ്റാവുന്നതു ഞാന്‍ ചെയ്തുതരാം.

ഷാനു : ഓകെ.