ഇന്ത്യയും ചൈനയും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ ഏഷ്യയ്ക്കും ലോകത്തിനും മികച്ച ഭാവിയെന്ന് നരേന്ദ്ര മോദി

സിംഗപ്പൂര്‍: ഇന്ത്യയും ചൈനയും പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏഷ്യയ്ക്കും ലോകത്തിനും മികച്ച ഭാവി സ്വപ്നം കാണാമെന്ന് ഷാന്‍ഗ്രിലാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും പക്വതയോടെയുള്ള നടപടികളാണു സ്വീകരിച്ചുവരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്തോ-പസിഫിക് മേഖലയുടെ സ്വാതന്ത്രത്തിനു വേണ്ടിയാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. രാജ്യങ്ങളുടെ ശത്രുത ഏഷ്യയെ പിന്നോട്ടടിക്കും. ഇതിനു പകരം സഹകരണത്തിന്റെ ഏഷ്യയാണു വേണ്ടത്. വ്യാപാരകാര്യത്തിലടക്കം മേഖലയില്‍ തുറന്ന നയം സ്വീകരിക്കണമെന്നതാണ് ഇന്ത്യയുടെ ആഗ്രഹം. മല്‍സരങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അതു തര്‍ക്കത്തിലേക്കു പോകരുതെന്നും മോദി പറഞ്ഞു.

മലേഷ്യയും സിംഗപ്പൂരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. മലേഷ്യയില്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിനു പുറമേ ഉപപ്രധാനമന്ത്രി വാന്‍ അസിസ വാന്‍ ഇസ്മായിലിനെയും ഭര്‍ത്താവും മുന്‍ ഉപപ്രധാനമന്ത്രിയുമായ അന്‍വര്‍ ഇബ്രാഹിമിനെയും മോദി സന്ദര്‍ശിച്ചു.

മലേഷ്യന്‍ സന്ദര്‍ശനത്തിനുശേഷം സിംഗപ്പൂരിലെത്തിയ മോദി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെന്‍ ലൂങുമായി കൂടിക്കാഴ്ച നടത്തി. നാന്യാംങ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച മോദി ഇന്ത്യയുടെ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ റുപേ, നെറ്റ്‌സ് തുടങ്ങിയവയുടെ അന്താരാഷ്ട്ര ലോഞ്ചിങും സിംഗപ്പൂര്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് നടത്തി. 21-ാം നൂറ്റാണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി ഉളളതാണെന്ന് ലോകത്തിന് മനസ്സിലായതായി മോദി പറഞ്ഞു.

ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് സിംഗപ്പൂരില്‍ റുപേ കാര്‍ഡ് ഉപയോഗിക്കാമെന്ന് പരിപാടിയില്‍ ലീ സെന്‍ പറഞ്ഞു. ഛാങി വിമാനത്താവളത്തിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലുമായിരിക്കും ഇതിന് അവസരമുണ്ടാവുക. പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറുകളില്‍ ഒപ്പുവച്ചു. നാവിക സൈന്യങ്ങള്‍ തമ്മിലുള്ള സഹകരണ കരാറാണ് പ്രധാനപ്പെട്ടത്. ഇന്ത്യ സിംഗപ്പൂര്‍ വാര്‍ഷിക നാവിക പരിശീലനത്തിന്റെ 25-ാം വാര്‍ഷികാഘോഷം ഇക്കൊല്ലമുണ്ടാവുമെന്നും പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ ഊഷ്മള ബന്ധമാണുള്ളതെന്നും ‘രണ്ടു സിംഹങ്ങളും’ ഒന്നിച്ചു മുന്നേറുമെന്നും ബിസിനസ് സമ്മേളനത്തില്‍ മോദി പറഞ്ഞു.