കത്വ സംഭവത്തിന് പ്രായശ്ചിത്തമായി ശയനപ്രദക്ഷിണം നടത്തി രാമനുണ്ണി; ക്ഷേത്രത്തിനകത്ത് സംഘര്‍ഷം

കണ്ണൂര്‍: കശ്മീരിലെ കത്വയില്‍ ക്ഷേത്രത്തില്‍ എട്ട് വയസുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് പ്രായശ്ചിത്തമായി ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കെ.പി. രാമനുണ്ണി പ്രതീകാത്മക ശയനപ്രദക്ഷിണം നടത്താനെത്തിയത് കയ്യാങ്കളിയില്‍ അവസാനിച്ചു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലെത്തിയവരും കെ.പി. രാമനുണ്ണിക്കൊപ്പമുണ്ടായിരുന്ന സിപിഐഎം പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതേ തുടര്‍ന്ന് ശയനപ്രദക്ഷിണം പൂര്‍ത്തിയാക്കാനാവാതെ രാമനുണ്ണി പുറത്തിറങ്ങി.

രാവിലെ 9 മണിയോടെ ക്ഷേത്രപരിസരത്തെത്തിയ രാമനുണ്ണിയെ സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞിരുന്നു. ആചാരപ്രകാരം ശയനപ്രദക്ഷിണം നടത്തുന്നതില്‍ തെറ്റില്ലെന്നും സമരരൂപത്തിലാണെങ്കില്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പും നല്‍കി.

വിശ്വാസിയാണെന്നും മതാചാരപ്രകാരമാണു ശയനപ്രദക്ഷിണം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും രാമനുണ്ണി പറഞ്ഞു. തുടര്‍ന്നു ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ച് അദ്ദേഹം ക്ഷേത്രത്തില്‍ പ്രവേശിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും ചാനല്‍ ക്യാമറാ പ്രവര്‍ത്തകര്‍ക്കും അകത്ത് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.

ക്ഷേത്രനടയില്‍ തൊഴുതശേഷം ശയനപ്രദക്ഷിണം തുടങ്ങാനായി രാമനുണ്ണി കൊടിമരത്തിനു സമീപം എത്തിയപ്പോഴേക്കും സംഘപരിവാര്‍ പ്രവര്‍ത്തകരും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചിരുന്നു. ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു.

ഹരേരാമ ഭജനയുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുന്നിലും തൊട്ടുപിന്നില്‍ രാമനുണ്ണിയുടെ ശയനപ്രദക്ഷിണവും ഒന്നിച്ചു ശ്രീകോവില്‍ വലംവയ്ക്കാന്‍ തുടങ്ങി. ഇതിനിടെ, ആരോ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ കയ്യാങ്കളിയായി. പിന്നാലെ, യുവമോര്‍ച്ച പ്രവര്‍ത്തകനായ അര്‍ജുനെ രാമനുണ്ണിക്കൊപ്പമുണ്ടായിരുന്നവര്‍ അടിച്ചുവെന്ന് ആരോപിച്ച് ഉന്തുതള്ളുമായി. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചവരെ ഉടന്‍ പൊലീസ് പുറത്തെത്തിച്ചു.

സംഘര്‍ഷം തുടങ്ങിയതോടെ രാമനുണ്ണി പുറത്തിറങ്ങി.പിന്നെ ക്ഷേത്രത്തിനു പുറത്തായി ബഹളം.