രാജ്യസഭയിലേക്ക് മാണി തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യം

പാലാ: രാജ്യസഭയിലേക്ക് കെഎം മാണി തന്നെ സ്ഥാനാര്‍ത്ഥിയാകണെന്ന് ആവശ്യം. കേരളാ കോണ്‍ഗ്രസ് എംഎല്‍എമാരാണ് നിലപാട് വ്യക്തമാക്കിയത്. മാണിക്ക് അസൗകര്യമുണ്ടെങ്കില്‍ മാത്രം ജോസ് കെ മാണിയെ നിര്‍ത്താം. പാര്‍ട്ടിയിലും യുഡിഎഫിലും ഇരുവര്‍ക്കും പൊതുസ്വീകാര്യതയുണ്ടെന്നാണ് എംഎല്‍എ മാരുടെ വിലയിരുത്തല്‍. മറ്റ് പേരുകള്‍ പരിഗണിക്കുന്നതില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്.

എന്നാല്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ.എം.മാണി രാവിലെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജോസ് കെ. മാണി മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്നും മാണി വ്യക്തമാക്കിയിരുന്നു.

കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിയെ വേണ്ടെന്നാണ് പി.ജെ.ജോസഫ് വിഭാഗം ഉന്നയിച്ചത്. മാണിക്ക് താത്പര്യമില്ലെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന ആര്‍ക്കെങ്കിലും സീറ്റ് നല്‍കണമെന്നാണ് മറ്റ് നേതാക്കളുടെയും അഭിപ്രായം. അങ്ങനെ വന്നാല്‍ തോമസ് ഉണ്ണിയാടന്‍, ജോസഫ് എം. പുതുശേരി, തോമസ് ചാഴികാടന്‍ തുടങ്ങിയ പേരുകള്‍ പരിഗണനയ്ക്ക് വന്നേക്കും.

വൈകിട്ട് എട്ടിനാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള നിര്‍ണായക കേരള കോണ്‍ഗ്രസ് സ്റ്റിംയറിംഗ് കമ്മിറ്റി യോഗം. ഈ യോഗത്തിന് മുന്‍പ് തന്നെ മാണി പി.ജെ.ജോസഫും ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. സീറ്റിന്റെ പേരില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായതിനാല്‍ അവര്‍ക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക എന്ന സമ്മര്‍ദ്ദവും മാണിക്ക് മേല്‍ വന്നിട്ടുണ്ട്.