കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് പുന: പരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് പുന: പരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. മുന്നണി മര്യാദ പാലിച്ചാണ് തീരുമാനം എടുത്തത്. ഘടകക്ഷി നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് വിജയിക്കില്ലെന്നതും തീരുമാനത്തെ സ്വാധീനിച്ചെന്നും ഹൈക്കമാന്‍ഡ് പറഞ്ഞു.

പാര്‍ട്ടിക്കുള്ളിലെ കലാപത്തില്‍ ഹൈക്കമാന്‍ഡ് ഞെട്ടിയിരിക്കുകയാണ്. തീരുമാനത്തെക്കുറിച്ച് പ്രവര്‍ത്തകരോട് വിശദീകരിക്കാന്‍ ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നം ഗുരുതരമായാല്‍ ഹൈക്കമാന്‍ഡ് ഇടപെടും.

അതേസമയം, രാജ്യസഭാ സീറ്റ് ലഭിച്ചതോടെ കോട്ടയം ജില്ലാ പഞ്ചായത്ത്​ പ്രസിഡന്റ്  സ്​ഥാനം കേരള കോണ്‍ഗ്രസ് മണി വിഭാഗം രാജിവയ്ക്കാനൊരുങ്ങുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ്​ കുതിരവേലിയാണ് രാജി വയ്ക്കുന്നത്. കേരള കോണ്‍ഗ്രസ്​ യു.ഡി.എഫി​​​​ന്റെ ഭാഗമായതോടെയാണ്​ തീരുമാനം. രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയ്ക്ക് കൈമാറിയിട്ടുണ്ട്.

സി.പി.ഐ. എം പിന്തുണയോടെയാണ് ഇവിടെ കേരള കോണ്‍ഗ്രസ് ഭരണം നടത്തി വന്നിരുന്നത്. യു.ഡി.എഫിന്റെ ഭാഗമായതോടെ സ്ഥാനം ഒഴിയാന്‍ കെ.എം മണി നിര്‍ദ്ദേശിക്കുകയായിരുന്നു.

മാണിക്ക് സീറ്റ് നല്‍കിയതില്‍ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടു എന്നാണ് വിഎം. സുധീരന്‍  പ്രതികരിച്ചത്. ഈ അടവുനയത്തിന്റെ ഗുണഭോക്താക്കള്‍ ബിജെപി ആയിരിക്കും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. കെഎം മാണി യുഡിഎഫിലേക്ക് തിരിച്ചുവരുന്നതില്‍ തനിക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, അതിന് സ്വീകരിച്ച രീതി വലിയ നാശത്തിലേക്ക് നയിക്കുന്നതാണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

വിനാശകരമായ തീരുമാനം എന്നാണ് വിഎം സുധീരന്‍ പറഞ്ഞത്. ഇത്രയും ശക്തമായ പ്രതിഷേധം സൃഷ്ടിക്കുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ്സില്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നാശത്തിലേക്കാണ് പോകുന്നത്.

കെഎം മാണിയെ മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരണം എന്ന രീതിയില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച വന്നിരുന്നു. എന്നാല്‍ അത് ഇത്തരത്തില്‍ ആകണം എന്ന് ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. അതീവ ഗുരുതരമായ അവസ്ഥയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കെപിസിസി എക്‌സിക്യൂട്ടീവ് വിളിച്ച് എല്ലാ കാര്യങ്ങളും തീരുമാനിക്കാനാകില്ലെന്നാണ് ചെന്നിത്തല ഇതിന് മറുപടി നല്‍കിയത്. നേതൃത്വം മാത്രം കാര്യങ്ങള്‍, അറിഞ്ഞാല്‍ മതി. സുധീരന്‍ പ്രസിഡന്റായിരുന്നപ്പോഴും ഇതുപോലെ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. സീറ്റ് വേണമെന്ന കടുത്ത നിലപാട് കേരളാ കോണ്‍ഗ്രസ് എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിന്‌ സീറ്റ്‌ നല്‍കിയത്‌ യുഡിഎഫിനെ ശക്‌തിപ്പെടുത്താനാണെന്ന്‌ ഉമ്മന്‍ചാണ്ടിയും അഭിപ്രായപ്പെട്ടു. യുഡിഎഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി ശാക്തീകരണം ലക്ഷ്യമിട്ടാണ് മാണിക്ക് സീറ്റ് നല്‍കിയത്. കാര്യങ്ങള്‍ മനസിലാക്കാത്തതിനാലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഈ രാജ്യസഭാ സീറ്റ് ഒരു കീഴ്വഴക്കമാകില്ല. ഒരു പ്രാവശ്യത്തേക്ക് മാത്രമുള്ള ധാരണയാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.