യുഡിഎഫ് യോഗത്തില്‍ നിന്ന് വി.എം.സുധീരന്‍ ഇറങ്ങിപ്പോയി; മാണിയെ തിരിച്ചെടുക്കാന്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് സുധീരന്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് വി.എം.സുധീരന്‍ യുഡിഎഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കെ.എം.മാണിയെ തിരിച്ചെടുക്കാന്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് സുധീരന്‍ ആരോപിച്ചു. മാണിയുടെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്താനല്ല. കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണ്. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് സുതാര്യമായ തീരുമാനമല്ല. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താതെയാണ് തീരുമാനമെടുത്തത്. ഈ തീരുമാനത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഗുണഭോക്താവ് ബിജെപി മാത്രമാണെന്നും സുധീരന്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയ തീരുമാനം പുനഃപരിസോധിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുണട്്. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ പാര്‍ട്ടിക്ക് ഗുണകരമല്ല. തന്റെ വിയോജിപ്പ് യുഡിഎഫ് യോഗത്തില്‍ അറിയിച്ച ശേഷം വിട്ടു നില്‍ക്കുകയായിരുന്നവെന്നും സുധീരന്‍ പറഞ്ഞു. കെ.എം.മാണി കൂടി ഉള്‍പ്പെട്ട യോഗത്തില്‍ നിന്നാണ് സുധീരന്‍ ഇറങ്ങിപ്പോയത്.

യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാന്‍ തീരുമാനിച്ചതില്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസിനകത്ത് ഉയര്‍ന്നിരിക്കുന്നത്.  പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് നിന്നുതന്നെ പൊട്ടിത്തെറിയും ശക്തമായ എതിര്‍പ്പും ഉയര്‍ന്നു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കോണ്‍ഗ്രസ് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പ്രതികരിച്ചു. ഈ കളിക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്നും അദേഹം പറഞ്ഞു. അറിഞ്ഞ് കൊണ്ട് തോറ്റുകൊടുക്കുകയായിരുന്നു. യുവ നേതാക്കള്‍ പ്രതികരിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്നും കുര്യന്‍ ആരോപിച്ചു.

വിഷയത്തില്‍ കോണ്‍ഗ്രസിലെ ആറ് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിക്ക് പരാതി അയച്ചു. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ.എസ്. ശബരിനാഥന്‍, അനില്‍ അക്കര, വി.ടി. ബല്‍റാം, റോജി എം. ജോണ്‍ എന്നിവരാണ് തീരുമാനത്തിനെതിരെ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയത്.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്ത തീരുമാനത്തില്‍ രോഷവും ‘പരമപുച്ഛവും’ പ്രകടിപ്പിച്ചാണ് യുവ എംഎല്‍എമാരും നേതാക്കളും രംഗത്തെത്തിയിരിക്കുന്നത്. പ്രദേശിക തലത്തിലും കൂട്ടരാജി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുന്ന നീക്കങ്ങളാണു നടക്കുന്നത്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് കോണ്‍ഗ്രസില്‍ കൂട്ടരാജിയുണ്ടായി. കെപിസിസി സെക്രട്ടറി കെ. ജയന്ത് ഫെയ്‌സ്ബുക്കിലൂടെ രാജി അറിയിച്ചു. കെഎസ്‌യു ജില്ലാ കമ്മിറ്റി ഒന്നടങ്കം രാജിവയ്ക്കാന്‍ തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ നേതാക്കളും രാജി അറിയിച്ചു.

കണ്ണൂര്‍ ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചതായി കെ.കെ.സുരേഷ്‌കുമാറും ഇന്നലെ അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസിനു സീറ്റ് കൊടുക്കുന്ന തീരുമാനത്തിനു പിന്നാലെ ‘പരമപുച്ഛം’ എന്നു മാത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടാണു യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പ്രതിഷേധിച്ചത്.

കേരളത്തിലെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തീരുമാനമാണിതെന്നായിരുന്നു വിടി ബല്‍റാം പ്രതികരിച്ചത്. സംസ്ഥാനത്തു പാര്‍ട്ടിയുടെ സമൂല നാശത്തിനു കാരണമായേക്കാവുന്ന ഈ തീരുമാനം എത്രയും വേഗം പുനഃപരിശോധിക്കണം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെത്തന്നെ മല്‍സരിപ്പിക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.

തൂക്കുകയറിന്റെ ചിത്രവുമായിട്ടായിരുന്നു ഹൈബി ഈഡന്‍ എംഎല്‍എ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. ആത്മഹത്യാപരമാണു പാര്‍ട്ടിയുടെ തീരുമാനമെന്നും ഉപതിരഞ്ഞെടുപ്പില്‍ ഏല്‍ക്കേണ്ടി വന്ന കനത്ത പ്രഹരത്തില്‍ നിന്നു കോണ്‍ഗ്രസ് പാഠം പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ കോണ്‍ഗ്രസില്‍ നിറഞ്ഞു നിന്ന വികാരത്തിനു വിരുദ്ധമായിട്ടാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തിന് നല്‍കുവാന്‍ എടുത്തിട്ടുള്ള തീരുമാനം. ഈ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ അടിയറവു വയ്ക്കുന്നതാണ്, ആത്മഹത്യാപരമാണ്. ഉപതിരഞ്ഞെടുപ്പില്‍ ഏല്‍ക്കേണ്ടി വന്ന കനത്ത പ്രഹരത്തില്‍ നിന്ന് ഒന്നും നമ്മുടെ നേതാക്കന്മാര്‍ പാഠം പഠിച്ചില്ല എന്നു വേണം കരുതാന്‍.

യാതൊരു നിലപാടും ഇല്ലാതെ എല്ലാവരെയും പ്രീണിപ്പിക്കാന്‍ നടത്തുന്ന ഇത്തരം തീരുമാനങ്ങളാണു പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചത്. പ്രസ്ഥാനത്തിന്റെയും നേതാക്കളുടെയും മുഖം നഷ്ടപ്പെടുത്തുന്ന ഈ തീരുമാനത്തോടു കടുത്ത അമര്‍ഷം പ്രകടിപ്പിക്കാതെ വയ്യ. ചില പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും വേണ്ടിയല്ല, ജനങ്ങള്‍ക്കു വേണ്ടി തീരുമാനമെടുക്കേണ്ടത്, ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് ഇനിയെങ്കിലും നേതാക്കള്‍ മനസ്സിലാക്കിയില്ലെങ്കില്‍, പ്രവര്‍ത്തകര്‍ വഴിയില്‍ ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ല’. ഹൈബി കുറിച്ചു.

കോണ്‍ഗ്രസിന്റെ ശബ്ദമാണ് കേരളത്തില്‍ നിന്നു രാജ്യസഭയിലേക്ക് എത്തേണ്ടതെന്ന് ശബരീനാഥന്‍ എംഎല്‍എയും പ്രതികരിച്ചു. ‘രാജ്യസഭയില്‍ ഇന്ന് കോണ്‍ഗ്രസ്സിന് 51 സീറ്റും ബിജെപിക്ക് 69 സീറ്റുമാണുള്ളത്. ഈ അവസരത്തില്‍ രാഷ്ട്രീയപരമായും ആശയപരമായും ബിജെപിയെ പാര്‍ലമെന്റില്‍ പ്രതിരോധിക്കേണ്ട വലിയൊരു ഉത്തരവാദിത്വമാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എന്ന ദേശീയപ്രസ്ഥാനത്തിനുള്ളത്. ഇതിനു പ്രാപ്തിയുള്ള ഒരു കോണ്‍ഗ്രസ്സ് ശബ്ദമാണ് രാജ്യസഭയിലേക്കു കേരളത്തില്‍ നിന്നു നമ്മള്‍ തിരഞ്ഞെടുക്കേണ്ടത്. ഇതില്‍ ഒരു വിട്ടുവീഴ്ചയെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയുകയില്ല’ ശബരീനാഥന്‍ വ്യക്തമാക്കി.

രാജ്യസഭാ സീറ്റ് നല്‍കുന്നത് കോണ്‍ഗ്രസിന്റെ ആത്മാഭിമാനം പാലായില്‍ പണയം വച്ച തീരുമാനമായി മാറിയെന്ന് റോജി എം.ജോണ്‍ എംഎല്‍എ വിമര്‍ശിച്ചു. ‘സ്വന്തമായി ഏതെങ്കിലും സ്ഥാനം ലഭിക്കുവാന്‍ വേണ്ടി എടുത്ത നിലപാടായിരുന്നില്ല. കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന സാധാരണ പ്രവര്‍ത്തകരുടെ ശബ്ദമാണ് ഞങ്ങള്‍ ഉയര്‍ത്തിയത്. പക്ഷേ, ഇതു കോണ്‍ഗ്രസിന്റെ ആത്മാഭിമാനം പാലായില്‍ പണയം വച്ച തീരുമാനമായി. മുന്നണി രാഷ്ട്രീയത്തിന്റെ മര്യാദകള്‍ മനസ്സിലാകാഞ്ഞിട്ടല്ല. പക്ഷേ അതിനു വേണ്ടി കൈക്കൊള്ളുന്ന ആത്മഹത്യാപരമായ തീരുമാനങ്ങള്‍ നേതൃത്വത്തിന്റെ വീഴ്ചയായി കാണപ്പെടും. ഈ തീരുമാനം പുനഃപരിശോധിക്കണം എന്നു കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്’ റോജി പറഞ്ഞു.

കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അനില്‍ അക്കര എംഎല്‍എ രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. തീരുമാനത്തില്‍ കടുത്ത നിരാശയും പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി. തീരുമാനം പുനഃപരിശോധിക്കേണ്ടതു നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്‍കാനുള്ള തീരുമാനം അവിശ്വസനീയമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തില്‍ നീണ്ട കുറിപ്പാണ് ഇദ്ദേഹം നല്‍കിയത്.

‘മുന്നണി രാഷ്ട്രീയത്തിലെ സമ്മര്‍ദ്ദങ്ങള്‍ മനസ്സിലാവാത്ത സങ്കുചിത ചിന്താഗതിക്കാരനല്ല. രാജ്യസഭാ സീറ്റിലെ അഭിപ്രായം ഫെയ്‌സ്ബുക്കില്‍ കുറിച്ചതൊഴിവാക്കിയാല്‍ സാധാരണയായി പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്തു പറയാറുമില്ല. പക്ഷേ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആശാവഹമല്ല. രാജ്യസഭാ സീറ്റ് ഒരു പുതുമുഖത്തിന്ു നല്‍കണമെന്ന പൊതുവികാരം തുറന്നു പറഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവിശ്വസനീയമാണ്. മുന്നണി രാഷ്ട്രീയത്തില്‍ വിട്ടു വീഴ്ചകള്‍ അനിവാര്യമാണെന്നും അറിയാം. പക്ഷേ ഒരാളെ മാത്രം രാജ്യസഭയിലേക്ക് അയയ്ക്കാന്‍ അവസരം കിട്ടുമ്പോള്‍ സാധാരണയായി ഘടകകക്ഷിയല്ല മത്സരിക്കാറുള്ളത്. കോണ്‍ഗ്രസ് തന്നെ മത്സരിക്കുന്നതാണ് കീഴ്‌വഴക്കം. ഇതൊരു കീഴടങ്ങലാണ്.

ആത്മവിശ്വാസക്കുറവ് പാര്‍ട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണ്. മതിയായ ഒരു കാരണവുമില്ലാതെയാണു കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത്. എന്നിട്ടു തിരിച്ചു വരുന്നതിനു മുന്‍പു തന്നെ രാജ്യസഭാ സീറ്റ് നല്‍കിയിട്ട് വേണോ തിരിച്ചാനയിക്കാന്‍? കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടു ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒന്നല്ല മുന്നണി. മുന്നണി സംവിധാനത്തില്‍ സിപിഎമ്മിനെ പോലെ ഡോമിനേറ്റ് ചെയ്യണമെന്ന അഭിപ്രായമില്ല. പക്ഷേ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ പൂര്‍ണമായി അവഗണിച്ചെടുക്കുന്ന തീരുമാനങ്ങള്‍ തകര്‍ക്കുന്നതു ലക്ഷക്കണക്കിനു പ്രവര്‍ത്തകരുടെ ആത്മവീര്യത്തെയാണെന്ന് അറിയാതെ പോകരുത്.

വീരേന്ദ്രകുമാറിന് കൊടുത്ത രാജ്യസഭാ സീറ്റിന്റെ അവസ്ഥ ഓര്‍മയിലുണ്ടായിരിക്കണം. മാണി സാറിനെതിരെയും യുഡിഎഫിനെതിരെയും വന്ന ആരോപണ ശരങ്ങളെ നേരിടുന്ന കാര്യത്തില്‍ പാര്‍ട്ടി താല്‍പര്യം പരിഗണിച്ചു നിന്നിട്ടുണ്ട്. അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം തിട്ടൂരത്തെ മറികടന്ന് മാണി സാര്‍ തന്നെ ബജറ്റ് അവതിരിപ്പിക്കാന്‍ ഉറക്കമൊഴിച്ചു പോരാടിയിട്ടുണ്ട്. സഭാ നടപടിക്രമങ്ങള്‍ക്കു വിരുദ്ധമായി ഉയര്‍ത്തിക്കാണിച്ച ലഡുവിനെ ചൊല്ലി ഒരുപാട് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും തോന്നാത്ത ആശങ്ക ഇപ്പോള്‍ അനുഭവപ്പെടുന്നു.

മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നയാള് തന്നെയാണു ഞാനും. പ്രത്യേകിച്ച് പിണറായി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍; വി.എസ്സിന്റെയും പിണറായിയുടെയും നിത്യശത്രു ബാലകൃഷ്ണ പിള്ളയെയും ഗണേഷിനെ പോലും കൂടെ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍. അകന്നു ധ്രുവങ്ങളില്‍ കഴിഞ്ഞിരുന്ന വീരേന്ദ്രകുമാറിന്റെ മുന്നില്‍ പോലും പരവതാനി വിരിക്കുമ്പോള്‍. അഞ്ചു രക്തസാക്ഷികളെ പോലും മറന്ന് എം.വി.ആറിനെയും മകനെയും കൂട്ടു പിടിക്കുമ്പോള്‍. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ആക്ഷേപിച്ച മാണി സാറിന്റെ പാര്‍ട്ടിക്കു വോട്ടു ചെയ്യുമ്പോള്‍. ഗൗരിയമ്മയെ പോലും മടക്കിക്കൊണ്ടു പോകുമ്പോള്‍. മുന്നണി ശാക്തീകരണം ഒരു അനിവാര്യത തന്നെയാണ്. പക്ഷേ അത് ഈ രാജ്യസഭാ സീറ്റിന്റെ പേരിലാവരുതായിരുന്നു. മുന്നണിയില്‍ അവര്‍ വന്നതിനു ശേഷം അര്‍ഹമായ പരിഗണന നല്‍കുന്നതിനാരും എതിരാവുമായിരുന്നില്ല.

വീരേന്ദ്രകുമാറിനു രാജ്യസഭാ സീറ്റ് നല്‍കിയതും പ്രേമചന്ദ്രനു ലോക്‌സഭാ സീറ്റ് നല്‍കിയതുമൊക്കെ പാര്‍ട്ടി പ്രവര്‍ത്തകരും അംഗീകരിച്ചതായിരുന്നു. നിരാശയുണ്ട് പക്ഷേ .ഈ പതാക താഴെ വയ്ക്കില്ല. പ്രവര്‍ത്തിക്കും പാര്‍ട്ടിക്ക് വേണ്ടി. ഊര്‍ജത്തോടെ തന്നെ. കോണ്‍ഗ്രസ് ഈ രാജ്യത്തിന്റെ അനിവാര്യതയാണ്. ഒരു ഉപതിരഞ്ഞെടുപ്പും രാജ്യസഭാ സീറ്റ് നിര്‍ണയവും കൊണ്ടും നിര്‍ത്തി പോകാവുന്ന യുദ്ധമല്ല 2019ല്‍ നമ്മളേറ്റെടുക്കേണ്ടത്’ ഷാഫി കുറിച്ചു.