ട്രംപ് തന്നെ നിര്‍ത്തിവച്ച വൈറ്റ്ഹൗസ് ഇഫ്താര്‍ ഇക്കൊല്ലമൊരുക്കും, പങ്കെടുക്കില്ലെന്ന് മുസ്‌ലിം സംഘടനകള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതാദ്യമായി വൈറ്റ്ഹൗസില്‍ ഇഫ്താര്‍ സംഗമം നടത്തുന്നു. എന്നാല്‍ പങ്കെടുക്കില്ലെന്ന മുന്നറിയിപ്പുമായി നിരവധി മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തി.

1990 കളില്‍ ബില്‍ ക്രിന്റണ്‍ തുടങ്ങിവച്ച് എല്ലാ വര്‍ഷവും നടന്നുവന്നിരുന്ന ഇഫ്താര്‍ സംഗമം ട്രംപ് കഴിഞ്ഞവര്‍ഷം നടത്തിയിരുന്നില്ല.

ഇഫ്താര്‍ ഇപ്രാവശ്യം ഉണ്ടാവുമെന്നും വ്യതസ്ത തലങ്ങളില്‍ നിന്നുള്ള 30 മുതല്‍ 40 വരെ ആളുകള്‍ സംബന്ധിക്കുമെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പറഞ്ഞു.

മുന്‍കാലങ്ങളില്‍ വൈറ്റ്ഹൗസിലെ ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുത്തിരുന്ന പ്രധാന മുസ്‌ലിം സംഘടനകളെല്ലാം ബഹിഷ്‌കരണം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ തുടരത്തുടരെ നടക്കുന്ന ട്രംപിന്റെ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

വൈറ്റ്ഹൗസിനു പുറത്ത് പ്രതീകാത്മക ഇഫ്താര്‍ സംഘടിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ്, വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിവില്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ തുടങ്ങി നിരവധി സംഘടനകളാണ് ബഹിഷ്‌കരണാഹ്വാനവുമായി രംഗത്തെത്തിയത്.