EXCLUSIVE: നടന്‍ സുധീര്‍ കരമനക്കെതിരെ വിജിലന്‍സ് അന്വേഷണം

എയിഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായ സുധീര്‍ ഹാജര്‍ ബുക്കില്‍ തിരിമറി നടത്തി ശമ്പളവും ആനുകൂല്യങ്ങളും തട്ടിയെടുക്കുന്നതിനെക്കുറിച്ചാണ് ത്വരിതാന്വേഷണം

-നിയാസ് കരീം-

തിരുവനന്തപുരം: പ്രശസ്ത സിനിമാനടനും സ്വകാര്യ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ സുധീര്‍ കരമനക്കെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം. സുധീര്‍ ജെ.നായര്‍ എന്ന സുധീര്‍ കരമന കൃത്യമായി ജോലിക്ക് ഹാജരാകാതെ കൃത്രിമ രേഖകളുണ്ടാക്കി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പറ്റുന്നു എന്നാണ് പരാതി. തിരുവനന്തപുരം ജില്ലയിലെ വെങ്ങാന്നൂര്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പലാണ് സുധീര്‍. സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിലുള്ള എയിഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണിത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് ക്വിക് വെരിഫിക്കേഷന് ഓര്‍ഡര്‍ ഇട്ടത്. ഈയടുത്ത കാലത്താണ് സുധീര്‍ കരമന നൂറ് ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ വിപുലമായ ആഘോഷങ്ങള്‍ നടന്നത്. പ്രശസ്ത നടനായിരുന്ന കരമന ജനാര്‍ദ്ദനന്‍ നായരുടെ മകനാണ്.

സുധീര്‍ കരമന നൂറുചിത്രങ്ങള്‍ പൂര്‍ത്തിയാക്കതിന്റെ ആഘോഷവേളയില്‍ (photo : facebook)
സുധീര്‍ കരമന നൂറുചിത്രങ്ങള്‍ പൂര്‍ത്തിയാക്കതിന്റെ ആഘോഷവേളയില്‍ (photo : facebook)

തനിക്കെതിരെ ഇത്തരമൊരു പരാതി നിലവിലുള്ളത് അറിയാമെന്നും എന്നാല്‍ ഇങ്ങനൊരു വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നും സുധീര്‍ കരമന വൈഫൈ റിപ്പോര്‍ട്ടറോട് വ്യക്തമാക്കി.