ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് ?ക്ഷണിച്ചത് ഉമ്മൻ ചാണ്ടി ?

സ്വന്തം ലേഖകൻ
ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്? .ഇടതുപക്ഷ സഹയാത്രികനും മുൻപ് കോൺഗ്രസിന്റെ ബുദ്ധികേന്ദ്രവുമായിരുന്ന ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിൽ തിരിച്ചെത്തിക്കാൻ തീവ്രശ്രമം നടത്തുന്നത് മറ്റാരുമല്ല ,ഒരുകാലത്തു ചെറിയാൻ ഫിലിപ്പിന്റെ ബദ്ധ ശത്രു ആയിരുന്ന ഉമ്മൻ ചാണ്ടി.പക്ഷെ ഉമ്മൻ ചാണ്ടിയുടെ ഈ ശ്രമത്തിനു കോൺഗ്രസിൽ ഗ്രുപ്പ് മറന്നുള്ള പിന്തുണയുണ്ട് .രമേശ് ചെന്നിത്തല,വി എം സുധീരൻ ,എം എം ഹസൻ തുടങ്ങിയവരുടെ പിന്തുണയ്ക്ക് പുറമെ സാക്ഷാൽ എ കെ ആന്റണിയുടെ സർവ പിന്തുണയും ഈ നീക്കത്തിന് പിന്നിലുണ്ട് .ചെറിയാൻ ഫിലിപ്പിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾക്കു ഹൈക്കമാന്റിന്റെ അംഗീകാരവും ലഭിക്കാനാണ് സാധ്യത .പക്ഷെ ഇതിനോട് ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചിട്ടില്ല എന്നതാണ് രസമെങ്കിലും കോൺഗ്രസിലെ പടലപ്പിണക്കങ്ങളെ കുറിച്ച് ഈയിടെ ഫേസ് ബുക്കിൽ അദ്ദേഹം കുറിച്ച വാക്കുകൾ ശ്രദ്ധിച്ചാൽ അറിയാം അതി സി പി എമ്മിന് കൂടി കൊടുത്ത പണിയാണെന്ന്. അധികാര കുത്തകയ്‌ക്കെതിരെ 1987ല്‍ കോണ്‍ഗ്രസില്‍ താന്‍ ഉയര്‍ത്തിയ ആവശ്യങ്ങളാണ് ഇപ്പോഴത്തെ യുവതലമുറ കലാപമാക്കി മാറ്റിയിരിക്കുന്നതെന്ന് ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

“ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും മുഖ്യപ്രശ്‌നം അധികാര കുത്തകയാണ്. സ്ഥാനം കിട്ടിയവര്‍ക്കു തന്നെയാണ് തുടര്‍ച്ചയായി സ്ഥാനങ്ങള്‍. ഒരേ ആളുകള്‍ തന്നെ സംഘടനാ സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണ്”.

കോണ്‍ഗ്രസിലെ അതേ അവസ്ഥ തന്നെയാണ് ഇടതുപക്ഷത്തും, പ്രത്യേകിച്ച് സിപിഎമ്മിലും എന്ന് ചെറിയാന്‍ പറയാതെ പറഞ്ഞു.
എല്ലാ പാര്‍ട്ടികളിലും അധികാര കുത്തകയുണ്ടെന്ന ചെറിയാണ് ഫിലിപ്പിന്റെ പോസ്റ്റ് സിപിഎം നേതൃത്വത്തെ ലക്ഷ്യമാക്കിയാണെന്ന് ആർക്കാണ് അറിയാൻ പറ്റാത്തത്.സി പിഎമ്മിന്റെ രാജ്യസഭാ സീറ്റിലേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്ന പേരായിരുന്നു സി ഹെറിയാൻ ഫിലിപ്പിന്റേത് .പക്ഷെ അവസാന നിമിഷം എളമരം കരീമിന്റെ പേര് കടന്നു വരികയായിരുന്നു .ചില മുസ്ലിം സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്ക് സി പി എം വി വഴങ്ങിയാണ് എളമരത്തിന് നറുക്കു വീണതെന്നും പറയപ്പെടുന്നു.സിഐടിയു സംസ്ഥാന സെക്രട്ടറി, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം തുടങ്ങി പാര്‍ട്ടിയില്‍ വിവിധ ചുമതലകള്‍ വഹിക്കുമ്പോഴാണ് എളമരത്തെ പാര്‍ലമെന്ററി സ്ഥാനവും തേടിയെത്തുന്നതെന്നതും രസകരമായ കാര്യം ആണ് .ഒരു കാലത്ത്
ഏ.കെ. ആന്റണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ചെറിയാന്‍ ഫിലിപ്പ് 1987ലാണ് കോണ്‍ഗ്രസില്‍ അധികാര കുത്തകയ്‌ക്കെതിരെ പോരാട്ടം ആരംഭിച്ചത്. സിപിഎമ്മിനെ പോലെ, രണ്ടു തവണ പൂര്‍ത്തിയാക്കിയ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വീണ്ടും സീറ്റ് നല്‍കരുതെന്നായിരുന്നു ചെറിയാന്റെ ആവശ്യം. എന്നാല്‍ ഇന്ന് സിപിഎമ്മില്‍ തുടര്‍ച്ചയായി മൂന്നും നാലും തവണ ഒരേ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന നേതാക്കളാണുള്ളത്. കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തെത്തിയ ചെറിയാന് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ചാവേറാകാനാണ് സിപിഎം അവസരം നല്‍കിയത്.പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ ചെറിയാൻ ഫിലിപ്പിന്റെ സാന്നിധ്യം ഉമ്മൻ ചാണ്ടി തിരിച്ചറിഞ്ഞിരിക്കുന്നു.ഏറെ പ്രതീക്ഷയോടെ ചെറിയാൻ ഫിലിപ്പ് നോക്കിയിരുന്ന രാജ്യ സഭ സ്ഥാനവും പോയപ്പോൾ അദ്ദേഹത്തെ കോൺഗ്രസിലേക്ക് മടക്കി കൊണ്ടുവന്നു അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു വിജയിപ്പിക്കണമെന്നും കോൺഗ്രസിൽ പലരും ആഗ്രഹിക്കുന്നു.ചെറിയാൻ ഫിലിപ്പിനെ പാർട്ടിയിൽ തിരിച്ചെത്തിച്ച് വാർത്ത സൃഷ്ടിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം .

ഒരുകാലത്ത് എ ഗ്രൂപ്പിൻറെ ബുദ്ധികേന്ദ്രങ്ങളിൽ ഒന്നായിരുന്നു ചെറിയാൻ ഫിലിപ്പ്. എ കെ ആൻറണിക്കും ഉമ്മൻചാണ്ടിക്കും വി എം സുധീരനും ആര്യാടൻ മുഹമദ്ദിനുമൊപ്പം എ ഗ്രൂപ്പ് തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി തെളിയിച്ചയാൾ. എന്നാൽ ഒരുഘട്ടത്തിൽ ഉമ്മൻചാണ്ടിയുടെ അപ്രമാദിത്വത്തിൽ മുങ്ങി ചവുട്ടി അരയ്ക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമായി മാറി ചെറിയാൻ ഫിലിപ്പ്. ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിടാൻ കാരണവും ഉമ്മൻചാണ്ടി തന്നെയായിരുന്നു എന്നതും രസകരമായ വസ്തുതയാണ്. ഗ്രൂപ്പ് സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത നിലനിൽക്കെ ചെറിയാൻ ഫിലിപ്പിൻറെ തിരിച്ചുവരവ് തങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി കണക്കുകൂട്ടുന്നു.

1967 ലാണ് ചെറിയാൻ ഫിലിപ്പ് കെ എസ് യു വിൽ എത്തുന്നത്. 1975 ൽ കെ എസ് യു ജനറൽ സെക്രട്ടറിയും 79 ൽ പ്രസിഡൻറുമായ ചെറിയാൻ ഫിലിപ്പ് 1980 ൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറും 82 ൽ ജനറൽ സെക്രട്ടറിയുമായി. 1984 – 89 ൽ യൂത്ത് കോൺഗ്രസ് ദേശീയ കൗൺസിൽ അംഗവുമായിരുന്നു. 2001 ൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കാൻ എൽ ഡി എഫ് നിയോഗിച്ചത് ചെറിയാൻ ഫിലിപ്പിനെ ആയിരുന്നു.

പക്ഷെ ഈ നീക്കത്തോട് ഇതുവരെ ഒരുതരത്തിലും പ്രതികരിക്കാൻ ചെറിയാൻ ഫിലിപ്പ് തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായും സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുമായും വളരെ അടുത്ത ഹൃദ്യമായ ബന്ധമാണ് ചെറിയാൻ ഫിലിപ്പിനുള്ളത്. എന്നാൽ പാർട്ടിയുടെ മറ്റ് ഘടകങ്ങൾക്ക് ഒട്ടും അടുത്ത ബന്ധമല്ല ചെറിയാൻ ഫിലിപ്പുമായി ഉള്ളത്.പക്ഷെ കോണ്‍ഗ്രസിലെ പെട്ടിതൂക്കികളുടെ ആധിപത്യത്തില്‍ മനംനൊന്ത് ഇടതുസഹയാത്രികനായി മാറിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്ഫി തിരിച്ചു കോൺഗ്രസിലേക്ക് വരുന്നത് സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് സന്തോഷമുണ്ടാക്കുമെങ്കിലും കലങ്ങി മറിഞ്ഞു കിടക്കുന്ന കോൺഗ്രസ് രാഷ്ട്രീയം ചെറിയാൻ ഫിലിപ്പ് എങ്ങനെ ഉൾക്കൊള്ളും എന്ന് കാത്തിരുന്നു കാണാനാവുന്ന രാഷ്ട്രീയമാണ്