എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റെന്ന് പരാതിപ്പെട്ട പൊലീസുകാരനെതിരെയും കേസ്; കേസ് ചുമത്തിയത് ജാമ്യമില്ലാ വകുപ്പ് പ്രകാരം

തിരുവനന്തപുരം: എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റെന്നു പരാതിപ്പെട്ട പൊലീസുകാരനെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് പരാതിക്കാരനെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ, പൊലീസ് ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സുദേഷ് കുമാറിന്റെ ഔദ്യോഗിക ഡ്രൈവര്‍ തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഗവാസ്‌കറാണ് സ്‌നിഗ്ധയ്‌ക്കെതിരെ പരാതി നല്‍കിയത്.

വ്യാഴാഴ്ച രാവിലെ എട്ടോടെ കനകക്കുന്നില്‍ വച്ചായിരുന്നു സംഭവം. രാവിലെ എഡിജിപിയുടെ ഭാര്യയെയും മകളെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുമ്പോള്‍ വാഹനത്തിലിരുന്ന് സ്‌നിഗ്ധ ചീത്തവിളിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്ത് വണ്ടി റോഡില്‍ നിര്‍ത്തിയതോടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിനു പിന്നിലിടിച്ചെന്നാണു ഗവാസ്‌കറിന്റെ പരാതി. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെന്നും അതിന്റെ തുടര്‍ച്ചയാണ് രാവിലത്തെ സംഭവമെന്നും പൊലീസ് പറയുന്നു. സ്‌നിഗ്ധ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നടത്തുകയാണ്.