ലീഗിനോട് വിരോധമില്ല; മാണിക്ക് സീറ്റു കൊടുത്തത് വര്‍ഗീയ ധ്രുവീകരണത്തിനു കാരണമാവും: പി.ജെ കുര്യന്‍

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനു നല്‍കിയതിനെച്ചൊല്ലി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്കെതിരായ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്റെ പരസ്യവിമര്‍ശനത്തിനു പിന്നാലെ പൊട്ടിത്തെറിച്ച് പി.ജെ കുര്യനും.

മാണിക്ക് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത് ബി.ജെ.പിക്കാണ് ഗുണംചെയ്യുകയെന്നും ഈ തീരുമാനം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനു കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജ്യസഭാ ഉപാധ്യക്ഷന്‍കൂടിയായ പി.ജെ കുര്യന്‍.

സീറ്റ് നിഷേധിച്ചിട്ട് ഫോണില്‍ വിളിക്കാനുള്ള സാമാന്യ മര്യാദ പോലും ഉമ്മന്‍ചാണ്ടി കാട്ടിയില്ല. ചെന്നിത്തല വിളിച്ചു മാപ്പുചോദിച്ചു. യുവ എം.എല്‍.എമാര്‍ പറഞ്ഞത് ഉമ്മന്‍ചാണ്ടിക്കും ബാധകമാണ്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് തന്നേയും പി.സി ചാക്കോയോയും വെട്ടിനിരത്തുകയെന്ന ഉദ്യേശത്തോടെയാണ്.

ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണ്. എതിര്‍ക്കുന്നവരെ അദ്ദേഹം വെട്ടിവീഴ്ത്തും. 1981ല്‍ തനിക്ക് സീറ്റ് തന്നത് ഉമ്മന്‍ചാണ്ടിയല്ല, വയലാര്‍ രവിയാണ്. ആന്റണിയും തനിക്ക് അനുകൂലമായിരുന്നു. വയലാര്‍ രവി വീട്ടിലെത്തി എന്റെ മാതാപിതാക്കളെ കണ്ട് നിര്‍ബന്ധിച്ചപ്പോഴാണ് ഞാന്‍ മല്‍സരിച്ചത്.

വ്യക്തിപരമായ ഒരു ആവശ്യവും ഉമ്മന്‍ചാണ്ടിയോട് ഞാന്‍ ചോദിച്ചിട്ടില്ല. തനിക്ക് ചെയ്തുതന്നു എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞ മറ്റുചില സഹായങ്ങള്‍ എന്താണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണം.
ഉമ്മന്‍ചാണ്ടി ജനകീയനാണെങ്കിലും അദ്ദേഹം നയിച്ച മൂന്നു തെരഞ്ഞെടുപ്പുകളില്‍ രണ്ടെണ്ണത്തിലും കോണ്‍ഗ്രസ് തോറ്റു.

ഭരണം കിട്ടിയപ്പോള്‍ രണ്ട് സീറ്റ് മാത്രമേ ഭൂരിപക്ഷം കിട്ടിയുള്ളൂ. ഉമ്മന്‍ചാണ്ടിയെക്കാള്‍ ജനകീയര്‍ പാര്‍ട്ടിയിലുണ്ട്. താന്‍ ജനകീയനല്ല. പക്ഷേ പാര്‍ട്ടി ഏല്‍പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാറുണ്ട്. ഇടതു മണ്ഡലമായിരുന്ന മാവേലിക്കരയില്‍ തുടര്‍ച്ചയായി അഞ്ചുതവണ ജയിച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍ പദവിയിലിരുന്നപ്പോള്‍ ഒരിക്കലും ബി.ജെ.പിയെ സഹായിച്ചിട്ടില്ല. നിയമപരമായ കാര്യങ്ങള്‍ മാത്രമേ ആ പദവിയിലിരുന്ന് ചെയ്തിട്ടുള്ളൂ. എന്റെ തീരുമാനങ്ങള്‍ പക്ഷപാതപരമെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണ്.

പ്രതികാര രാഷ്ട്രിയവും ഗ്രുപ്പിസവുമാണ് കോണ്‍ഗ്രസിന്റെ ശാപം. രാജ്യസഭാ സീറ്റ് വിഷയത്തില്‍ മൂവര്‍ സംഘം രാഹുല്‍ ഗാന്ധിയെ തെറ്റിധരിപ്പിക്കുകയായിരുന്നു. മുസ്‌ലിം ലീഗിനോട് വിരോധമില്ല. പക്ഷേ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ കോണ്‍ഗ്രസ് തന്നെ തീരുമാനിക്കണം.

എറണാകുളത്ത് ഡി.സി.സി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം പതിച്ച ശവപ്പെട്ടി വച്ചവര്‍ക്കെതിരെ അക്കടക്കനടപടി എടുത്തത് ശരിയായില്ല. സീറ്റ് കിട്ടാത്ത മോഹഭംഗം കൊണ്ടാണ് ഉമ്മന്‍ചാണ്ടിക്കെതിരായി താന്‍ വിമര്‍ശനം ഉന്നയിച്ചതെന്ന വാദം അടിസ്ഥാനരഹിതമാണ്.

എ.ഐ.സി.സി സെക്രട്ടറിയും ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനുമായ പി.സി വിഷ്ണുനാഥിനെതിരെയും കുര്യന്‍ വിമര്‍ശനമഴിച്ചുവിട്ടു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്ന ചെങ്ങന്നൂര്‍ വിഷ്ണുനാഥ് സി.പി.എമ്മിന് അടിയറവച്ചെന്നും അദ്ദേഹം ആരോപിച്ചു.