അമേരിക്കൻ മലയാളികളുടെ ശബ്ദം ആവണം ഫോമ

അനു സുകുമാർ (മുൻ RVP, സൗത്ത് വെസ്റ്റ് റീജിയൻ)

കഴിഞ്ഞ കാലയളവിൽ ഫ്ലോറിഡ, അറ്റ്ലാന്റ, നോർത്ത് കരോലിന, ടെന്നസി എന്നീ സംസ്ഥാനങ്ങൾ ചേർന്ന് സൗത്ത് ഈസ്റ്റ് റീജിയൻ വൈസ് പ്രസിഡണ്ട് ആയിരുന്നു ഞാൻ. 2014 ൽ 9 അസോസിയേഷനുമായി തുടങ്ങി 15 അസ്സോസിയേഷൻ ആയിട്ടാണ് സൗത്ത് ഈസ്റ്റ് റീജിയൻ മാറ്റിയത്. പിന്നീട് ഫ്ലോറിഡ മാത്രമായി ഒരു റീജിയൻ ആവുകയും ബാക്കി ഉള്ളവ ചേർന്ന് സൗത്ത് ഈസ്റ്റ് റീജിയൻ ആവുകയും ചെയ്തു.

ഫോമ അമേരിക്കൻ മലയാളികളുടെ മുഴുവൻ ശബ്ദം ആയി മാറണം എന്ന അഭിപ്രായം ആണ് എനിക്ക്. കാലാകാലങ്ങളിൽ ചിലർ അതിന്റെ ഭരണ സാരഥ്യം നിർവഹിക്കുന്നു എന്നല്ലാതെ മുഖ്യധാര പ്രശ്ങ്ങളിൽ സജീവമായി ഫോമ ഇറങ്ങുന്നില്ല എന്ന് പറയാം. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം കൊടുക്കുകയും അത് വഴി കൂടുതൽ പുതിയ ആശയങ്ങൾ സംഘടനയിലേക്ക് കൊണ്ട് വരുകയുമാണ് വേണ്ടത്. എന്ത് കൊണ്ടാണ് രണ്ടും മൂന്നും തലമുറ സംഘടനയിൽ നിന്നും മാറി നിൽക്കുന്നത് എന്ന് ചിന്തിക്കണം. എന്തേ നിങ്ങളുടെ കുട്ടികളെ ഒന്നും സംഘടനയിൽ കാണാത്തത് എന്ന് നേതാക്കൾ വിശദീകരിക്കണം. നാളെ എന്റെ കുട്ടികൾക്ക് ഫോമയിൽ വന്നാൽ എന്താണ് പ്രയോജനം, അവരെ ഏത് രീതിയിൽ ഈ സംഘടനയിൽ പ്രവർത്തിപ്പിക്കാം എന്നതിൽ എനിക്ക് ആശങ്കയുണ്ട്. ഫാമിലി കൺവെൻഷൻ എന്ന് പറയുമ്പോഴും എത്ര പേരാണ് ശരിക്കും ഫാമിലിയെ ഈ കൺവെൻഷന് കൊണ്ട് വരുന്നത്? പല നേതാക്കൾ പോലും അവരുടെ ഫാമിലിയെ അകറ്റി നിർത്തുന്നത് ഈ സംഘടനയോട് ചെയ്യുന്ന തെറ്റാണ് എന്ന് പറയണം.

പുതിയ പ്രദേശങ്ങളിലേക്ക് സംഘടന വ്യാപിപ്പിക്കണം. കൂടുതൽ ചെറുപ്പക്കാരെ ഇതിലേക്ക് ആകര്ഷിക്കുവാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യണം. ചെറുപ്പക്കാരെ ഭരണത്തിലെറ്റി സീനിയർ നേതാക്കൾ മാർഗ്ഗദർശികൾ ആയി മാറി നിൽക്കണം. മുഖ്യധാരാ പ്രശ്ങ്ങളിൽ സജ്ജീവമായി ഫോമ ഇടപെടണം. അമേരിക്കയിൽ ജീവിക്കുന്ന മലയാളികൾക്ക് പണം അല്ല വേണ്ടത് മറിച്ചു അവന് ഒരു പ്രശ്‌നം വരുമ്പോൾ അവന്റെ ഒപ്പം നിൽക്കാൻ ശക്തിയുള്ള ഒരു സംഘടന ആണ്. കഴിവുള്ളവരെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കണം. അത് പോലെ രണ്ടും മൂന്നും തലമുറയിൽപെട്ടവർക്ക് കൂടുതൽ അവസരം കൊടുക്കണം. രേഖ നായർ ഫോമയുടെ അഭിമാനം ആണെന്ന് നിസ്സംശയം പറയാം.

കോളേജ് യൂണിവേഴ്സിറ്റി തലത്തിൽ ഫോമ സ്റ്റുഡന്റസ് ഫോറം രൂപീകരിക്കുന്നത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. നാട്ടിൽ നിന്നും അമേരിക്കയിൽ എത്തിയ ശേഷം രാഷ്ട്രീയം കളിക്കാനുള്ള വേദി ആവരുത് ഇവിടെ ഉള്ള ദേശിയ സംഘടനകൾ. ഫോമ എന്ന സംഘടന സാധാരണ മലയാളി കുടുംബത്തിൽ എത്ര മാത്രം സ്വാധീനിക്കാൻ കഴിയും എന്നതിനെ കുറിച്ചും ചിന്തിക്കണം. പുതിയ ആളുകൾക്ക് വേണ്ടി പഴയ ആളുകൾ മാറി കൊടുക്കണം. രണ്ടും മൂണും തലമുറ മുഖ്യധാരയിൽ നിലനിർത്തണം. അവരുടെ ആശയങ്ങൾ കൂടി പ്രാബല്യത്തിൽ വരുത്തണം. അപ്പോൾ ഫോമ വളരും, ദേശിയ സംഘടന ആവും, എല്ലാവരും അംഗീകരിക്കും. അത് കാണുവാൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു…

രണ്ട് വർഷത്തെ പ്രവർത്തനത്തിന്റെ ഒരു പര്യവസാനം മാത്രം ആവണം കൺവെൻഷൻ. അത് എവിടെ വെച്ച് നടത്തണം എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി ആവണം. എല്ലാ സ്ഥാനാർത്ഥികൾക്കും എന്റെ വിജയാശംസകൾ. ഏവരെയും ചിക്കാഗോയിൽ കാണാം എന്ന പ്രതീക്ഷയിൽ നിർത്തട്ടെ.