പ്രവീണ്‍ വര്‍ഗീസ് വധക്കേസില്‍ പ്രതി ഗേജ് ബഥൂണ്‍ കുറ്റക്കാരന്‍

കാര്‍ബണ്‍ഡെയില്‍: അമേരിക്കയിലെ മലയാളി സമൂഹത്തെ നടുക്കിയ പ്രവീണ്‍ വര്‍ഗീസ് വധക്കേസില്‍ പ്രതി ഗേജ് ബഥൂണ്‍ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചു. 2014 ഫെബ്രുവരിയില്‍ പ്രവീണിന്റെ മരണത്തിനു കാരണമായ മുറിവുകള്‍ക്ക് ഗേജ് ബഥൂണാണ് ഉത്തരവാദിയെന്ന് ജൂറി വിധിച്ചു. രണ്ടാഴ്ചയോളം നീണ്ട വിചാരണയ്ക്കു ശേഷം വ്യാഴാഴ്ച ഏഴു മണിക്കൂര്‍ നീണ്ട കോടതി നടപടികള്‍ക്കു ശേഷം രാത്രി വളരെ വൈകിയാണ് ജൂറി വിധി പ്രഖ്യാപിച്ചത്.

സതാണ്‍ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരുന്ന പ്രവീണിനെ ഏറ്റവുമൊടുവില്‍ ജീവനോടെ കണ്ട വ്യക്തിയാണ് പ്രവീണിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ജൂറി വിധിച്ചു. നാലു വര്‍ഷം നീണ്ട നിയമ പോരാട്ടത്തില്‍ മൂന്നു ഗ്രാന്‍ഡ് ജൂറികളുടെ പരിഗണനയ്ക്കു വിധേയമായ കേസില്‍ പ്രതിയുടെ ശിക്ഷ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ 60 മുതല്‍ 90 ദിവസം വരെ എടുത്തേക്കുമെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സണ്‍ പറഞ്ഞു. ഗേജ് ബഥൂണ് 20 മുതല്‍ 60 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്നാണ് നിയമ വിദ്ഗ്ധരുടെ വിലയിരുത്തല്‍.

കൊലപാകത്തിന് രണ്ടു ചാര്‍ജുകളാണ് ഗേജ് ബഥൂണില്‍ പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നത്. ഇതില്‍ ഒരു ചാര്‍ജാണ് ജൂറി അംഗീകരിച്ചത്. ജൂറി വിധി കേട്ട് ഗേജ് ബഥൂണ്‍ അസ്വസ്ഥനാവുകയും ഛര്‍ദിക്കുകയും ചെയ്തു. പ്രതിയുടെ രണ്ടു കുടുംബാംഗങ്ങള്‍ക്ക് മെഡിക്കല്‍ ശുശ്രൂഷ നല്‍കേണ്ടി വന്നു. ഇപ്പോള്‍ സംസാരിക്കാനുള്ള മാനസികാവസ്ഥയില്ലെന്നും, സ്വയം ശാന്തമാകാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയുമാണെന്നാണ്, കേസ് സജിവമായി നിലനിറുത്താന്‍ കഠിനാധ്വാനം ചെയ്ത പ്രവീണിന്റെ അമ്മ ലവ്‌ലി വര്‍ഗീസ് ജൂറി വിധിക്കു ശേഷം പറഞ്ഞത്.