തിരുവനന്തപുരം ആര്‍.ടി.ഒയില്‍ ഫാന്‍സി നമ്പറിനായി വാഹന ഉടമകളുടെ കൂട്ടയിടി.

തിരുവനന്തപുരം ആര്‍.ടി ഓഫീസില്‍ വാഹന രജിസ്‌ട്രേഷന്റെ പുതിയ സീരിസ്സിലെ ഫാന്‍സി നമ്പറുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു. സി.എ(KL-01-CA) സീരിസ്സാണ് ഇവിടെ പുതുതായി ആരംഭിക്കുന്നത്. 60 ഓളം നമ്പറുകള്‍ഇതുവരെ ബുക്ക് ചെയ്തുകഴിഞ്ഞു. ഒന്നിലധികം ആവശ്യക്കാരുളള നമ്പറുകള്‍ ലേലം നടത്തിയാണ് നല്‍കുക. പ്രമുഖ വ്യവസായി യൂസഫലി 5 നമ്പറുകളാണ് ഈ സീരിസില്‍ ബുക്ക് ചെയ്തിരിക്കുന്നത്.  CA-1,CA-3,CA-5,CA-7,CA-9 എന്നിവയാണ് യൂസഫലി ബുക്ക് ചെയ്ത നമ്പരുകള്‍. ഇതില്‍ CA-1 ഒഴികെ മറ്റ് നമ്പരുകള്‍ക്കെല്ലാം ഒന്നിലധികം വാഹന ഉടമകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഒന്നേമുക്കാല്‍ കോടി വിലവരുന്ന പുതിയ ബിഎംഡബ്യൂ കാറിനു വേണ്ടിയാണ് യൂസഫലി ഫാന്‍സി നമ്പറിന് ശ്രമിക്കുന്നത്. ചാര്‍ടേഡ് അക്കൗണ്ടന്റ്മാരാണ് CA സീരിസിലെ നമ്പറിനായി ശ്രമിക്കുന്നവരില്‍ അധികവും. തിങ്കളാഴ്ച്ചയാണ് നമ്പറുകളുടെ ലേലം നടക്കുക. 3000 രൂപ അടച്ചാല്‍ ആര്‍ക്കും പുതിയ നമ്പറിനായുളള ലേലത്തില്‍ പങ്കെടുക്കാം. 5000രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ പല നമ്പറുകള്‍ക്കും ലേലതുക എത്താറുണ്ട്. ചിലപ്പോള്‍ അതിലേറെയും. എട്ടരലക്ഷത്തിന് വിറ്റ് പോയ KL-01-BY-01 എന്ന നമ്പരാണ് തിരുവനന്തപുരം ആര്‍.ടി ഓഫീസ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ നമ്പര്‍.