ഇനി അടിമപ്പണിക്കില്ല

തിരുവനന്തപുരം: ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ഇനി അടിമപ്പണി ചെയ്യില്ലെന്ന കര്‍ശന നിലപാടുമായി ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍. ദാസ്യപ്പണിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചാലും വഴങ്ങേണ്ടെന്നാണ് തീരുമാനം. അത്തരമൊരു സാഹചര്യമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കും. ആവശ്യമെങ്കില്‍ സമരം ചെയ്യുമെന്നും അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി.
ചട്ടപ്രകാരമുള്ള ജോലിക്കല്ലാതെ ക്യാംപ് ഫോളോവേഴ്‌സിനെ നിയോഗിക്കുന്നതിനെതിരേ മുന്‍പും സംഘടന രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഭീഷണികള്‍ ഭയന്ന് പലരും ക്യാംപ് ഓഫിസുകള്‍ വിട്ടുപോകാന്‍ തയാറായിരുന്നില്ല.
നാലായിരത്തോളം ക്യാംപ് ഫോളോവര്‍മാര്‍ ആവശ്യമുള്ളിടത്ത് ഇപ്പോള്‍ ആയിരത്തോളം പേരാണ് നിലവിലുള്ളത്. ഇവരില്‍ നിന്നാണ് വിരമിച്ച ഐ.പി.എസുകാരുടെ വീടുകളിലടക്കം വീട്ടുവേലക്ക് നിയോഗിക്കുന്നത്. ബറ്റാലിയന്‍ എ.ഡി.ജി.പിയായിരുന്ന സുധേഷ് കുമാറിന്റെ വീട്ടില്‍ ക്യാംപ് ഫോളോവേഴ്‌സിന് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ പുറത്തായതോടെ ഇവിടെ ജോലിചെയ്തിരുന്ന നാലുപേരെയും ശനിയാഴ്ച തന്നെ മടക്കി.
എന്നാല്‍, പലരും ഫോളോവേഴ്‌സിനെ മടക്കാന്‍ ഇതുവരെ തയാറായിട്ടില്ല. തിരുവനന്തപുരം സിറ്റി എ.ആര്‍ ക്യാംപില്‍ 40ഓളം പേരാണ് ഇത്തരത്തില്‍ ഇന്നലെയും ജോലിയെടുത്തത്. വീട്ടുജോലിയിലുള്ള ക്യാംപ് ഫോളോവേഴ്‌സിനെ പല ജില്ലകളിലും ക്യാംപിലേക്ക് മടക്കിയിട്ടില്ലെന്ന് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
കണക്കുകള്‍ വ്യക്തമാക്കി നാളെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. കൂടാതെ ക്യാംപ് ഫോളോവര്‍മാരെ ഉപയോഗിക്കുന്നവരുടെ കണക്ക് പുറത്തുവിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം, ക്യാംപിലേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായി ജീവനക്കാര്‍ പറഞ്ഞു. വിവാദം അവസാനിക്കുന്നതുവരെ മാറിനില്‍ക്കാനാണ് ചില ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിനിടെ, പൊലിസ് സേനയിലെ ക്യാംപ് ഫോളോവര്‍മാരുടെ തസ്തികയെ ലാസ്റ്റ് ഗ്രേഡ് സര്‍വിസില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഇപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നിയമനം.