രാജ്യസഭാധ്യക്ഷന്റെ തെരഞ്ഞെടുപ്പ്: പ്രതിപക്ഷ ഐക്യമുറപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പി.ജെ കുര്യന്റെ കാലാവധി കഴിയുന്നതോടെ ഒഴിവു വരുന്ന രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് ശ്രമം തുടങ്ങി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ തേടി അഹമ്മദ് പട്ടേല്‍ ഞായറാഴ്ച തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയെ കണ്ടു. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടുവെന്നാണ് വിവരം. പി.ജെ കുര്യനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നില്ലെന്നതാണ് പാര്‍ട്ടി നിലപാട്. പുതിയ സ്ഥാനാര്‍ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഉപാധ്യക്ഷനെ രാജ്യസഭാംഗങ്ങള്‍ ചേര്‍ന്നാണ് തെരഞ്ഞെടുക്കുക. രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി ഉപാധ്യക്ഷ സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നുണ്ട്. ഉപരാഷ്ട്രപതിയാണ് രാജ്യസഭാധ്യക്ഷന്‍.

കഴിഞ്ഞ ദിവസം നിതി ആയോഗിന്റ യോഗത്തിനെത്തിയ കോണ്‍ഗ്രസ്  ഇതര മുഖ്യമന്ത്രിമാര്‍ ചേര്‍ന്ന് ലെഫ്. ഗവര്‍ണറുടെ വസതിയില്‍ സമരമിരിക്കുന്ന കെജ്‌രിവാളിനെ കണ്ടതും മറ്റും പുതിയ മുന്നണി രൂപീകരിക്കുന്നതിന്റെ സൂചനയായാണ് കോണ്‍ഗ്രസ് കാണുന്നത്.

ഒമ്പതംഗങ്ങളുള്ള ബിജു ജനതാദളും ആറംഗങ്ങളുള്ള തെലങ്കാന രാഷ്ട്ര സമിതിയും കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.