പെറു പൊരുതി കീഴടങ്ങി; ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍

മുന്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ വിറപ്പിച്ച് ലാറ്റിനമേരിക്കന്‍ ടീമായി പെറു കീഴടങ്ങി. 34-ാം മിനുട്ടില്‍ കെയ്ലന്‍ എംബാപ്പെ നേടിയ ഗോളിന് ജയിച്ച് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

കെയിലന്‍ എംബാപ്പെയാണ് 34ാം മിനുട്ടില്‍ ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്.  അത്ലറ്റിക്കോ മാഡ്രിഡ് മുന്നേറ്റനിര താരം അന്റോണിയോ ഗ്രീസ്മാന്‍ നല്‍കിയ ത്രൂബോള്‍ വലയിലാക്കാനുള്ള ചെല്‍സി താരം ഒലിവര്‍ ജിറൗഡിന്റെ ശ്രമം എംബാപ്പെയുടെ കാലിലെത്തുകയായിരുന്നു. ക്ലോസ് റേഞ്ചിലായിരുന്ന എംബാപ്പെയ്ക്ക് പിഴച്ചില്ല. ഇതോടെ, ഫ്രാന്‍സിന് വേണ്ടി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും 19 കാരനായ എംബാപ്പെയ്ക്കൊപ്പമായി.

അതേസമയം, ഫ്രാന്‍സിനെതിരെ പെറു മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് ആദ്യപകുതിയില്‍ കാഴ്ചവെച്ചത്. മത്സരത്തിലുടനീളം കളത്തില്‍ ആധിപത്യം പുലര്‍ത്താനെങ്കിലും ഫ്രഞ്ച് വലയില്‍ പന്തെത്തിക്കുന്നതില്‍ പരാജയപ്പെട്ടതാണ് പെറുവിന് തിരിച്ചടിയായത്.

ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സ് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍, പെറു ഡെന്‍മാര്‍ക്കിനോട് തോറ്റിരുന്നു. അടുത്ത മത്സരത്തില്‍ തോറ്റാലും ഓസ്‌ട്രേലിയ പെറുവിനെ തോല്‍പിച്ചാലും ആറു പോയിന്റുള്ള ഫ്രാന്‍സിന് പ്രീക്വാര്‍ട്ടറിലെത്താം. അതേ സമയം ആദ്യ മത്സരത്തിലും പരാജയപ്പെട്ട പെറു ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഗ്രൂപ്പില്‍ അവര്‍ക്കിനി ഓസ്ട്രേലിയയുമായിട്ടാണ് മത്സരം.