ഫാ.ബെനഡിക്ട്‌ മുതല്‍ ഫാ.പീലിയാനിക്കല്‍ വരെ: ലൈംഗികാരോപണം, റിയല്‍ എസ്റ്റേറ്റ്‌- വായ്പ്പാ തട്ടിപ്പുകള്‍! എന്നും തുടരുന്ന ഇടയത്തെമ്മാടിത്തങ്ങള്‍

ടൈറ്റസ്‌ കെ.വിളയില്‍

കുറ്റകൃത്യങ്ങളുടെ കറപുരണ്ട ളോഹകളുമായി കേരളത്തിലെ ക്രൈസ്തവ പുരോഹിതര്‍ പൊതുവിചാരണയ്ക്ക്‌ വിധേയരായിക്കൊണ്ടിരിക്കുന്ന ദിവസങ്ങളാണിത്‌.്‌.ലൈംഗിക ആരോപണം, റിയല്‍ എസ്റ്റേറ്റ്‌- വായ്പ്പാ തട്ടിപ്പുകള്‍-നീളുന്ന കുറ്റപത്രങ്ങള്‍..!വിശ്വാസികള്‍ പോലും മൂക്കത്ത്‌ വിരല്‍വച്ചന്ധിച്ചു നില്‍ക്കുമ്പോള്‍ കാനോന്‍ നിയമങ്ങളാണ്‌(സഭാ നിയമമങ്ങള്‍)തങ്ങളെ നിയന്ത്രിക്കുന്നതെന്ന ന്യായം നിരത്തി കുറ്റവാളികളായ പുരോഹിതരെ സംരക്ഷിക്കാനാണ്‌ കത്തോലിക്ക സഭാനേതൃത്വം ശ്രമിക്കുന്നത്‌
ദൈവത്തിന്റെ അഭിഷിക്തനെ ചോദ്യം ചെയ്യരുതെന്ന്‌ ശഠിച്ച്‌ മറ്റു ക്രൈസ്തവ സഭകളും കുറ്റവാളികള്‍ക്കൊപ്പം അര്‍മാദിക്കുന്നു

ലഭ്യമായ കണക്കുകള്‍ അനുസരിച്ച്‌ 75ലധികം ക്രൈസ്തിയ പുരോഹിതര്‍ കേരളത്തില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുണ്ട്‌. സിവില്‍ കേസുകളും ഒതുക്കി തീര്‍ത്ത കേസുകളും കൂടി കണക്കിലെടുക്കുമ്പോള്‍ ഇതിലും എത്രയോ ഇരട്ടിയാകും കേസില്‍പ്പെട്ട വൈദികരുടെ എണ്ണം!!.

ഈ പരമ്പരയിലെ ഒടുവിലത്തെ കുറ്റവാളിയാണ്‌ കഴിഞ്ഞ ദിവസം കര്‍ഷകരുടെ വായ്പ തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാഞ്ച്‌ അറസ്റ്റ്ചെയ്ത ഫാ. തോമസ്‌ പീലിയാനിക്കല്‍.സീറോ മലബാര്‍ കത്തോലിക്ക സഭയുടെ ചങ്ങനാശേരി അതിരൂപതയില്‍ നിന്നാണ്‌ കര്‍ഷകര്‍ക്കിടയില്‍ പ്രവൃത്തിക്കാനായി പീലിയാനിക്കല്‍ കുട്ടനാട്ടില്‍ എത്തിയത്‌. കുട്ടനാട്‌ വികസന സമിതിയിലൂടെ, പീലിയാനിക്കല്‍ പെട്ടെന്ന്‌ തന്നെ കര്‍ഷകര്‍ക്കിടയില്‍ ജനപ്രീതി നേടി.സമിതിയുടെ എക്സിക്യൂട്ടീവ്‌ ഡയറക്ടറായിരുന്ന പീലിയാനിക്കല്‍ കര്‍ഷകര്‍ക്കിടയില്‍ നിരവധി സ്വാശ്രസംഘങ്ങളുണ്ടാക്കി.പിന്നീട്‌ കര്‍ഷകരുടെ വ്യാജ ഒപ്പ്‌ ഉപയോഗിച്ച്‌ വിവിധ ബാങ്കുകളില്‍ നിന്നായി 150 കോടിയിലേറെ രൂപ തട്ടിയെടുത്തു എന്നാണ്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരിക്കുന്നത്‌.

കര്‍ഷകരെ കബളിപ്പിക്കാന്‍ രൂപീകരിച്ച തട്ടിപ്പ്‌ സംവിധാനമാണ്‌ ‘കുട്ടനാട്‌ വികസന സമിതി’ എന്നാണിപ്പോള്‍ ഉയരുന്ന ആരോപണം. (ഇതിന്‌ സമാനമായ സംഘടനയായിരുന്നു വയനാട്ടിലെ ‘ഇന്‍ഫാം’. അതിന്റെ നടത്തിപ്പുകാരനായിരുന്നു പതിനാറുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന റോബിന്‍ വടക്കുംചേരി. ‘ഇന്‍ഫാം’ ഇപ്പോള്‍ നിര്‍ജ്ജീവമാണ്‌. )പീലിയാനിക്കലിനെതിരെ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സഭയുടെ മറവില്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ച്‌ പ്രതികരിക്കാന്‍ കത്തോലിക്ക സഭ തയ്യാറായതേ ഇല്ല.
കാരണം,വിശ്വാസികള്‍ക്ക്‌ മാത്രമാണല്ലോ പത്തുകല്‍പനകളും നരകവും!
*
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ ജോര്‍ജ്ജ്‌ ആലഞ്ചേരിയുടെ ഭൂമി ഇടപാടാണ്‌ ഈ വര്‍ഷത്തുടക്കത്തില്‍ കത്തോലിക്ക സഭയേയും വിശ്വാസികളെയും പൊതുസമൂഹമദ്ധ്യേ അവഹേളന പാത്രമാക്കിയത്‌. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പ്പനയില്‍ നടന്ന ക്രമക്കേടുകളാണ്‌ ആലഞ്ചേരിയെ വിവാദത്തിലാക്കിയത്‌. ഭൂമി ഇടപാടിലൂടെ അതിരൂപതയ്ക്ക്‌ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നതാണ്‌ കര്‍ദ്ദിനാളിനെതിരെയുള്ള കുറ്റം. എന്നാല്‍ താന്‍ സിവില്‍ നിയമങ്ങളെയല്ല, സഭാ നിയമങ്ങളെയാണ്‌ പിന്തുടരുന്നതെന്ന്‌ ആലഞ്ചേരി പറഞ്ഞതോടെ നിയമപരമായ സംവാദങ്ങള്‍ക്ക്‌ തുടക്കമിടുകയും ചെയ്തു.

1966ല്‍ ആണ്‌ ആദ്യമായി ഒരു പുരോഹിതന്‍ പ്രതിയായ കേസ്‌ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്‌. പത്തനംതിട്ട ജില്ലയിലെ റാന്നിക്കടുത്ത്‌ മാടത്തരുവി എന്ന സ്ഥലത്ത്‌ മറിയക്കുട്ടി എന്ന സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട്‌ ജോസഫ്‌ ബെനഡിക്ട്‌ ഓണംകുളം എന്ന കത്തോലിക്ക പുരോഹിതന്‍ അറസ്റ്റിലായി. മാടത്തരുവി കൊലക്കേസ്‌ എന്ന പേരില്‍ കുപ്രശസ്തമായ ഈ കേസ്‌ കേരളത്തിലെ വിശ്വാസ സമൂഹത്തിന്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കീഴ്ക്കോടതി വധശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ഫാ.ബെനഡിക്ടിനെ വെറുതെ വിട്ടു.

ഫാ.ബെനഡിക്ടിന്റെ നിരപരാധിത്വം പിന്നീട്‌ സമീപത്തെ ഒരു എസ്റ്റേറ്റ്‌ ഉടമയുടെ ഭാര്യ വെളുപ്പെടുത്തിയതോടെ(?) അദ്ദേഹത്തെ വിശുദ്ധനാക്കാനാണ്‌ സഭയുടെ ശ്രമം. കോട്ടയം അതിരമ്പുഴ പള്ളിയിലെ ബനഡിക്ടച്ചന്റെ ശവക്കല്ലറയില്‍ പ്രാര്‍ത്ഥിച്ചാല്‍ ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ്‌ പ്രചാരണം.കൊലപാതക കുറ്റത്തിന്‌ ജയിലില്‍ കിടന്ന ഫാ.ബെനഡിക്ടിനെ ‘സഹനദാസന്‍’ എന്നാണ്‌ കത്തോലിക്ക സഭ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്‌.

കോട്ടയം കുറിച്ചി ഹോമിയോ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ജോളിയെ ബലാത്സംഗം ചെയ്ത്‌ കൊന്ന ഓര്‍തഡോക്സ്‌ സഭയിലെ രവിയച്ചന്‍( ജില്ലാ കോടതി രവിയച്ചന്‌ ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി വെറുതെവിട്ടു.) കൊല്ലം കുണ്ടറയില്‍ മേരിക്കുട്ടി എന്ന നഴ്സിനെ കൊലപ്പെടുത്തിയ കുറ്റത്തിന്‌ ജീവപര്യന്തം ശിക്ഷ ലഭിച്ച ഫാ.ആന്റണി ലാസര്‍, കേരളത്തെ പിടിച്ചു കുലുക്കിയ അഭയ കേസില്‍ അറസ്റ്റിലായ ഫാ. തോമസ്‌ കോട്ടൂര്‍, ഫാ. ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി ,(1992ല്‍ കോട്ടയം ക്നാനായ കത്തോലിക്ക രൂപതയുടെ കീഴിലുള്ള സെന്റ്‌ പയസ്‌ ടെന്ത്‌ കോണ്‍വെന്റിലെ കിണറില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഈവര്‍ഷം ഫാ. പൂതൃക്കയിലിനെ സിബിഐ കോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി) തിരുവനന്തപുരത്ത്‌ 10 വയസുകാരിയെ പള്ളിയില്‍ വച്ച്‌ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ ഫാദര്‍ ദേവരാജ്‌ ,എറണാകുളം പുത്തന്‍വേലിക്കരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ച ഫാ. എഡ്വിന്‍ ഫിഗറസ്‌ (ഇരട്ട ജീവപര്യന്തവും 2,15,000 രൂപ പിഴയും കോടതി വിധിച്ചത്‌ 2016ല്‍) മൂന്ന്‌ സെമിനാരി വിദ്യാര്‍ത്ഥികളെ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ കൊട്ടാരക്കര തേവലപ്പുറം പുല്ലാമല ഹോളിക്രോസ്‌ സെമിനാരിയിലെ വൈദികന്‍ തോമസ്‌ പാറേക്കളം,16 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട കണ്ണൂര്‍ കൊട്ടിയൂരിലെ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി,ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയതിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട കൊട്ടിയൂരിലെ തന്നെ ഫാദര്‍ സജി ജോസഫ്‌……
ക്രിമിനലുകളായ പുരോഹിതരുടെ ലിസ്റ്റ്‌ ഇങ്ങനെ നീളുമ്പോള്‍….

കുറ്റാരോപിതരായ പുരോഹിതര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‌ പകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ്‌ കേരളത്തിലെ കത്തോലിക്ക സഭാ നേതൃത്വം എന്നും കൈക്കൊള്ളുന്നത്‌. പ്രതികളെ സംരക്ഷിക്കാനും പരാതി നല്‍കുന്നവരെ മോശക്കാരാക്കി ചിത്രീകരിച്ച്‌ രക്ഷപ്പെടാനുമുള്ള പ്രചാരണങ്ങളും നീക്കങ്ങളുമാണ്‌ സഭാ നേതൃത്വത്തിന്‌ പഥ്യം!!!

ക്രിമിനലുകളായ പുരോഹിതരെ സഭയില്‍ നിന്ന്‌ പുറത്താക്കി മാതൃക കാട്ടാനല്ല മറിച്ച്‌ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ ശത്രുതാ മനോഭാവത്തോടെ നടപടികളെടുക്കാനാണ്‌ കേരളത്തിലെ സഭാ നേതൃത്വങ്ങള്‍ വ്യഗ്രതകാണിക്കുന്നത്‌.പരാതിപ്പെടുന്നവരെ ഒന്നുകില്‍ മാനസികനില തെറ്റിയവരായോ അല്ലെങ്കില്‍ സഭയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്നവരായോ ചിത്രീകരിച്ചാണ്‌ സഭ മുഖം രക്ഷിക്കുന്നത്‌..

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക്‌ നേരെ യാതൊരു സഹിഷ്ണുതയും പാടില്ല എന്ന്‌ വ്യക്തമാക്കി 2016 ഡിസംബര്‍ 28ന്‌ ബിഷപ്പുമാര്‍ക്ക്‌ പോപ്പ്‌ കത്തെഴുതിയിരുന്നു.കത്തെഴുതിയ പോപ്പിനെ നോക്കുകുത്തിയാക്കിയാണ്‌ കേരളത്തിലേയും ലോകമെമ്പാടുമുള്ള കത്തോലിക്ക പുരോഹിതര്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ അഭിരമിച്ചതും ഇപ്പോള്‍ അര്‍മാദിക്കുന്നതും.
(തുടരും)