ദിലീപിനെ തിരിച്ചെടുത്ത സാഹചര്യം ‘അമ്മ’ വിശദീകരിക്കണമെന്ന് മേഴ്‌സിക്കുട്ടിയമ്മ

താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത സാഹചര്യം വിശദീകരിക്കണമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. സ്ത്രീസംരക്ഷണമെന്ന ഇടതുമുന്നണിയുടെ നയം നടപ്പിലാക്കാന്‍ ‘അമ്മ’ അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് ബാധ്യതയുണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ‘അമ്മ വിവാദ’ത്തില്‍ നടന്‍മാരായ ഇടതു ജനപ്രതിനിധികള്‍ക്കു പ്രതികരിക്കേണ്ടിവരും. ദിലീപിനെ തിരിച്ചെടുത്ത നടപടി ‘അമ്മ’ തിരുത്തണം. നടന്‍മാര്‍ നന്മയുടെ പക്ഷത്താണു നില്‍ക്കേണ്ടതെന്നും മേഴ്‌സിക്കുട്ടിയമ്മ  അഭിപ്രായപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്ത നടപടിയെത്തുടര്‍ന്നു നാലു നടിമാര്‍ അമ്മയില്‍നിന്നു രാജിവച്ചു പുറത്തുപോയ സാഹചര്യത്തിലാണു മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം.

അതേസമയം, അമ്മയിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് മുകേഷ് പറഞ്ഞു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും മുകേഷ് വ്യക്തമാക്കി.

നടിമാര്‍ രാജിവെച്ച സംഭവത്തില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ പോലും നിലപാട് എടുത്തില്ലെന്നായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ കുറ്റപ്പെടുത്തിയത്. ഇവരില്‍നിന്ന് ഇത്തരത്തിലുള്ള ഒരു നീക്കമല്ല പ്രതീക്ഷിച്ചത്. അവര്‍ അവധാനതയോടെ കാര്യങ്ങള്‍ കാണേണ്ടിയിരുന്നു. എംപിയും എംഎല്‍എമാരും നിലപാട് അറിയിക്കേണ്ടതായിരുന്നു. സംഘടന ജനാധിപത്യപരമായല്ല തീരുമാനമെടുത്തതെന്നുമായിരുന്നു ജോസഫൈന്‍ പ്രതികരിച്ചത്. മുകേഷും ഗണേഷ് കുമാറും തെറ്റിധാരണകള്‍ തിരുത്തണമെന്നായിരുന്നു ജി.സുധാകരന്‍ പറഞ്ഞത്.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നാല് നടിമാര്‍ രാജിവെച്ചത്. ഇത്രയും ക്രൂരമായ അനുഭവം താന്‍ നേരിട്ടും കുറ്റാരോപിതനായ നടനെയാണ് സംഘടന പിന്തുണയ്ക്കുന്നതെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിരുന്നു. കൂടാതെ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് നടനാണെന്നും അമ്മയ്ക്ക് പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും നടി പറഞ്ഞിരുന്നു.

അതിനിടെ ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാതെ കുറ്റാരോപിതനായ ദിലീപിനെ പിന്തുണച്ച നടനും ‘അമ്മ’യുടെ ഭാരവാഹിയുമായ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ദീപേഷ് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന് കത്തയച്ചു. മുകേഷ് സ്വാഗത സംഘം ചെയര്‍മാനായ ചടങ്ങില്‍ വച്ച് ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കുന്നതില്‍ മാനസിക പ്രയാസമുണ്ടെന്നും ദീപേഷ് കത്തില്‍ ചൂണ്ടിക്കാട്ടി. 2017 ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ‘സ്വനം’ എന്ന സിനിമയുടെ സംവിധായകനാണ് ടി. ദീപേഷ്.

തികച്ചും ജനാധിപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന മുകേഷിന്റെ സാന്നിദ്ധ്യത്തില്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള അവാര്‍ഡ് സമ്മാനിക്കുന്നത് ഇടതുപക്ഷ മുന്നണിയും സര്‍ക്കാരും മുന്നോട്ടു വച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിനു വിരുദ്ധമാണ്. ഇത് പൊതു സമൂഹത്തിനു മുന്‍പില്‍ തെറ്റായ സന്ദേശം നല്‍കും. ഈ പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങേണ്ട ആള്‍ എന്ന നിലയില്‍ വളരെ മാനസിക പ്രയാസമുണ്ട്. കഴിഞ്ഞ വര്‍ഷം തലശ്ശേരിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന പരിപാടിയില്‍ ‘അവള്‍ക്കൊപ്പം’ എന്നതായിരുന്നു പ്രധാന വിഷയം. മുകേഷിനെ മാറ്റി നിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സിപിഐഎം നേതാവും കൂത്തുപറമ്പ് നഗരസഭ മുന്‍ അധ്യക്ഷയുമായ സി.വി. മാലിനിയുടെ മകനാണ് ദീപേഷ്. 2016 ലും മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ദീപേഷിനായിരുന്നു