ദിലീപിനെ താരസംഘടന ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ലന്ന് സൂപ്പര്‍ താരങ്ങള്‍

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടന ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ലന്ന് സൂപ്പര്‍ താരങ്ങള്‍.

വിവാദം സംബന്ധിച്ച് മമ്മുട്ടിയുമായും മറ്റു അമ്മ ഭാരവാഹികളുമായും ആശയവിനിമയം നടത്തിയ മോഹന്‍ലാല്‍ വിവാദം കണ്ട് പേടിച്ച് രാജിവയ്ക്കില്ലന്ന് വ്യക്തമാക്കിയതായാണ് സൂചന.

ജയറാം, മുകേഷ്, കെ.ബി.ഗണേഷ് കുമാര്‍ തുടങ്ങിയവരുമായും സീനിയര്‍ താരങ്ങളുമായുമാണ് മോഹന്‍ലാല്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയത്.

മാധ്യമ വാര്‍ത്തകള്‍ക്ക് വഴങ്ങി സംഘടനാ തീരുമാനം മാറ്റാന്‍ നിന്നാല്‍ പിന്നെ അതിനേ നേരമുണ്ടാകൂ എന്നാണ് മെഗാസ്റ്റാര്‍ പ്രതികരിച്ചത്.

സംഘടനയിലെ എല്ലാ പ്രധാന താരങ്ങളോടും ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെ ‘ഹിഡന്‍ അജണ്ട’ സംബന്ധിച്ച് അമ്മ ജനറല്‍ സെക്രട്ടറിയും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.

ദിലീപ് സംഘടനയിലേക്ക് തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലന്നും ജനറല്‍ ബോഡിയിലെ പൊതുവികാരത്തിന് അനുസരിച്ച് തീരുമാനം എടുക്കുകയാണ് ചെയ്തതെന്നുമാണ് ഏറെ അടുപ്പമുള്ള ചാനല്‍ മേധാവിയോട് മോഹന്‍ലാല്‍ വ്യക്തമാക്കിയത്.

അതേസമയം സംഘടനയെയും സൂപ്പര്‍സ്റ്റാറുകളെയും പൊതു സമൂഹത്തില്‍ അപമാനിക്കാന്‍ ശ്രമിച്ച ഒരു നടിയെ പോലും ഇനി തിരികെ എടുക്കരുതെന്ന നിലപാട് ‘അമ്മ’യിലെ താരങ്ങള്‍ ഒറ്റക്കെട്ടായി സ്വീകരിച്ചിട്ടുണ്ട്.

സിനിമയില്ലാത്തവരാണ് ഇപ്പോള്‍ പുറത്തു പോയിട്ടുള്ളതെന്നും രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ച് അനുകൂല പ്രസ്താവനകള്‍ ഇറക്കിയാല്‍ നിലപാട് മാറ്റാന്‍ ‘അമ്മ’ രാഷ്ട്രീയ പാര്‍ട്ടിയല്ലന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നുമാണ് താരങ്ങളുടെ മുന്നറിയിപ്പ്.

സ്ത്രീകളോട് മോശമായി പെരുമാറിയതിന് പുറത്താക്കിയ നേതാക്കളെ തിരിച്ചെടുത്ത രാഷ്ട്രിയ പാര്‍ട്ടികള്‍ ഇപ്പോള്‍ ‘അമ്മ’യില്‍ സ്ത്രീവിരുദ്ധത കാണുന്നതിനെയും താരങ്ങള്‍ പരിഹസിക്കുന്നു.

ഏത് പാര്‍ട്ടികളിലും സംഘടനകളിലും യോഗത്തില്‍ ഒരു തീരുമാനം ഭൂരിപക്ഷമായി എടുത്താല്‍ പിന്നെ പുറത്ത് ഏതാനും ചിലര്‍ ബഹളം വച്ചാല്‍ തീരുമാനം മാറ്റിയ ചരിത്രമുണ്ടോ എന്നതാണ് ‘അമ്മ’ അംഗങ്ങളുടെ ചോദ്യം.

ഇതിനിടെ അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നാവശ്യപ്പെട്ട് നടി പാര്‍വതിയും, പത്മപ്രിയയും രേവതിയും നല്‍കിയ കത്ത് പരസ്യമാക്കിയതിലും സംഘടനയ്ക്കകത്ത് രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.