അമ്മ എക്‌സിക്യൂട്ടീവ് യോഗം വിളിക്കും; മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് എത്തിയാലുടന്‍ ചര്‍ച്ച

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. ദീലിപിനെ തിരിച്ചെടുത്തത് പുനഃപരിശോധിക്കണമെന്നും എക്‌സിക്യൂട്ടിവ് വിളിക്കണമെന്നും ആവശ്യപ്പെട്ട് രേവതിയടക്കം മൂന്നു നടിമാര്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ലണ്ടനില്‍ ഷൂട്ടിങ്ങിലുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷം വിമന്‍ സിനിമാ കലക്ടീവുമായി ചര്‍ച്ചനടത്തും. അതേസമയം ഫെഫ്കയുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും.

അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ ശത്രുക്കളല്ലെന്നും നിലവിലെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം വിളിക്കുമെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ദിലീപ് സംഘടനയ്ക്കയച്ച കത്ത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിടാന്‍ ശ്രമിച്ച് അമ്മയ്ക്ക് ദിലീപ് ഇന്നലെ കത്തയച്ചിരുന്നു. കേസ് അവസാനിക്കുന്നതുവരെ ഒരു സംഘടനയിലും സജീവമാകാനില്ലെന്നുള്ള കത്തിന്റെ പകര്‍പ്പ് ദിലീപ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തു. തന്നെ പുറത്താക്കിയ നടപടിയിലെ പിഴവുതിരുത്തിയ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സംഘടനയിലേക്ക് തല്‍ക്കാലമില്ലെന്ന് ദിലീപ് വ്യക്തമാക്കിയത്. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കാര്യത്തിലും താന്‍ സമാന നിലപാട് അറിയിച്ചതാണെന്ന് വ്യക്തമാക്കിയ ദിലീപ് തന്റെ പേരില്‍ സംഘടനയെ പലരും അപമാനിക്കുന്നതില്‍ സങ്കടമുണ്ടെന്നും കുറിച്ചു.

ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടും പ്രതികരിക്കാതിരുന്ന അമ്മയ്ക്ക് വനിതാകൂട്ടായ്മയിലും അംഗങ്ങളായ നടി രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ എക്‌സിക്യുട്ടീവ് വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതിനുപിന്നാലെയാണ് ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവന്നത് പുനഃപരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ജുലൈ 13നോ 14നോ അമ്മയുടെ നിര്‍വാഹകസമിതി ചേരണമെന്നായിരുന്നു നടി രേവതി ഉള്‍പ്പടെ ആവശ്യപ്പെട്ടത്.

അമ്മ നിസംഗത തുടര്‍ന്നാല്‍ കൂടുതല്‍പേര്‍ രാജിവയ്ക്കുന്നതടക്കമുള്ള നിലപാടുമായി മുന്നോട്ടുപോകാനും ഇവര്‍ തീരുമാനിച്ചിരുന്നു. രാജിവച്ച നടിമാര്‍ക്ക് പിന്തുണയമായി നടന്‍ പൃഥ്വിരാജുമെത്തിയിരുന്നു. രാജിവച്ചവര്‍ക്കൊപ്പമാണെന്നും അവരുടെ ധീരതയെ അംഗീകരിക്കുകയാണെന്നും ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ദ് വീക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടി ദിലീപ് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് അമ്മയുടെ നിലപാടെങ്കിലും ഇതുവരെ പരസ്യ പ്രതികരണത്തിന് അമ്മ തയാറായിട്ടില്ല.

താര സംഘടനയായ അമ്മയുടെ തീരുമാനങ്ങള്‍ അവരുടെ ആഭ്യന്തരകാര്യങ്ങളാണെന്നും പുറത്ത് നിന്ന് അഭിപ്രായം പറയേണ്ടതില്ലെന്നും മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യമനുസരിച്ചൊരു തീരുമാനമെടുക്കാന്‍ അവര്‍ ആലോചിക്കട്ടെ, സര്‍ക്കാര്‍ ഇരക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു.